കൊല്ലം:ചിന്നക്കട ട്രാഫിക് റൗണ്ടിലാണ് ഇന്നലെ ഹണ്ടറും റാണിയും വേട്ടയ്ക്കിറങ്ങിയത്. പൊലീസ് ജീപ്പിലെത്തിയ ഇരുവരും റോഡിലാകെ മണം പിടിച്ച് നടന്നു. ഹണ്ടർ ഒരു പ്ലാസ്റ്റിക് കവർ കടിച്ചെടുത്തപ്പോൾ റാണി ഒരു കാർഡ്ബോർഡ് പെട്ടിക്ക് മുന്നിൽ ഇരുപ്പായി.
ഹണ്ടർ കടിച്ചെടുത്ത പ്ലാസ്റ്റിക് പേപ്പർ പൊലീസുകാർ തുറന്ന് നോക്കിയപ്പോൾ നിറയെ കഞ്ചാവ്. റാണിയുടെ അടുത്ത് കിടന്ന കാർഡ് ബോർഡ് തുറന്നപ്പോൾ വെടിമരുന്ന്. കൊല്ലം സിറ്റിയിലെ കെ-9 സ്ക്വാഡിന് അനുവദിച്ച പുതിയ എ.സി ജീപ്പിന്റെ ഫ്ലാഗ് ഓഫിനോടനുബന്ധിച്ചുള്ള ഡോഗ് ഷോയാണ് ചിന്നക്കടയിൽ അരങ്ങേറിയത്. പ്രദർശനം കാണാൻ ധാരാളം പേർ തടിച്ചുകൂടി. മോഷ്ടാക്കളെയും മറ്റ് കുറ്റവാളികളെയും മണംപിടിച്ച് കണ്ടെത്തുന്ന ട്രാക്കർ ഡോഗ് അമ്മുവും സംഘത്തിലുണ്ടായിരുന്നെങ്കിലും ചെറിയ അവശതയെ തുടർന്ന് പ്രകടനത്തിന് ഇറങ്ങിയില്ല.
ഡോഗ് സ്ക്വാഡിന്റെ പുതിയ ജീപ്പ് കമ്മിഷണർ ടി. നാരായണൻ ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലം എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്റ് ആർ. ബാലൻ, എ.സി.പി പ്രതീപ് കുമാർ, അസി. കമാണ്ടന്റ് രാജു തുടങ്ങിയവർ പങ്കെടുത്തു.