
വാഗ്ദാനം എത്രാം തവണയെന്ന് നഗരസഭയ്‌ക്ക് തന്നെ പിടിയില്ല
കൊല്ലം: നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ ചാർജ് നിർബന്ധമാക്കാൻ നഗരസഭയുടെ നേതൃത്വത്തിലുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വീണ്ടും തീരുമാനിച്ചു. മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോറിക്ഷകൾക്കെതിരെ നടപടിയെടുക്കുമെന്ന മുൻ തീരുമാനം നിലനിൽക്കെ തന്നെയാണ് അതേ വിഷയത്തിൽ വീണ്ടും തീരുമാനമെടുത്തത്.
നഗരപരിധിയിലെ ഓട്ടോകളിൽ മീറ്റർ ചാർജ് നിർബന്ധമാക്കാനുള്ള തീരുമാനം എത്ര തവണ എടുത്തിട്ടുണ്ടെന്ന് നഗരസഭയ്ക്ക് തന്നെ പിടിയില്ല. ഒരു തവണ പോലും തീരുമാനം നടപ്പിലാക്കാൻ നഗരസഭ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. തൊഴിലാളി സംഘടനാ നേതാക്കളുടെ സാന്നിധ്യത്തിലെടുക്കുന്ന തീരുമാനം അട്ടിമറിക്കാനാണ് അവരും ശ്രമിച്ചിട്ടുള്ളത്.
നഗരസഭയും പൊലീസും പറയുന്നത് വിശ്വസിച്ച് ഓട്ടോറിക്ഷകളിൽ കയറി മീറ്റർ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരൊക്കെ ഇന്നുവരെ അപമാനിതരായിട്ടേയുള്ളൂ. പുതിയ തീരുമാനവും എവിടെ എത്തുമെന്ന് കാത്തിരുന്ന് കാണണം.
5000 ഓട്ടോകൾ, 196 സ്റ്റാൻഡുകൾ
നഗരത്തിൽ 5000 ഓട്ടോറിക്ഷകൾക്കാണ് സിറ്റി പെർമിറ്റ് നൽകിയിട്ടുള്ളത്. ഇവർക്ക് നഗരത്തിലെ ഏത് അംഗീകൃത സ്റ്റാൻഡിൽ നിന്നും സവാരി പോകാം. 196 അംഗീകൃത സ്റ്റാൻഡുകളും നിലവിലുണ്ട്. സ്റ്റാൻഡ് പെർമിറ്റ് എന്ന രീതി റദ്ദാക്കുമെന്ന പഴയ പ്രഖ്യാപനം ശക്തമായി നടപ്പിലാക്കാനാണ് തീരുമാനം. സിറ്റിക്ക് പുറത്ത് നിന്ന് ആളുമായി എത്തുന്ന ഓട്ടോകൾക്ക് ഇവിടെ നിന്ന് ആളെ കയറ്റാൻ അനുമതിയില്ല.
ചാർജ് തോന്നും പടി, ആരോട് പറയാൻ
ചിന്നക്കടയിൽ നിന്ന് പള്ളിത്തോട്ടത്തേക്ക് രാവിലെ വാങ്ങുന്ന ചാർജ് ആയിരിക്കില്ല വൈകിട്ട്. ഓരോ ഓട്ടോ റിക്ഷകൾക്കും ഓരോ നിരക്കാണ്. അപ്പോൾ മനസിൽ തോന്നുന്ന ഒരു നിരക്ക് വാങ്ങുമെന്ന് ചുരുക്കം. ചോദ്യം ചെയ്യാൻ പോയാൽ പലരുടെയും തിരിച്ചുള്ള പെരുമാറ്റം എന്താകുമെന്ന് ഊഹിക്കാൻ പോലുമാകില്ല. മാന്യമായ നിരക്കും സ്വഭാവവുമുള്ള നൂറ് കണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികളും നഗരത്തിലുണ്ട്.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പ്രധാന തീരുമാനങ്ങൾ
1. അനധികൃത സ്റ്റാൻഡുകൾ ഒഴിപ്പിക്കും
2. മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോറിക്ഷകൾക്കെതിരെ നടപടി
3. സിറ്റി പെർമിറ്റില്ലാത്ത ഓട്ടോകൾ നഗരത്തിൽ നിന്ന് ആളെ കയറ്റരുത്
4. ഓട്ടോയുടെ നിരക്കുകൾ യാത്രക്കാരന് കാണാൻ കഴിയും തരത്തിൽ പ്രദർശിപ്പിക്കണം
5. റെയിൽവേ സ്റ്റേഷനിലെ പ്രീ പെയ്ഡ് കൗണ്ടർ കാര്യക്ഷമമായി പ്രവർത്തിപ്പിക്കണം
6. സിറ്റി പെർമിറ്റ് ഉള്ളവർക്ക് ഏത് സ്റ്റാൻഡിൽ നിന്നും സർവീസ് പോകാം
7. നഗരത്തിലെ പലയിടത്തും അനധികൃതമായി ഓട്ടോ നിറുത്തി ആളെ കയറ്റുന്നത് അവസാനിപ്പിക്കും
................
ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധമാക്കും. പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും. തൊഴിലാളികളെ കൂടി വിശ്വാസത്തിലെടുത്താണ് തീരുമാനം.
ഹണി ബെഞ്ചമിൻ
മേയർ