കൊല്ലം: ഉമയനല്ലൂർ പേരയം തൈയ്ക്കാവ് ജംഗ്ഷനിൽ ആഴ്ചകൾക്ക് മുമ്പ് പൊട്ടിയ ജപ്പാൻ കുടിവെള്ള പൈപ്പിലൂടെ ജലം പാഴാകുന്നു. ഈ മാസം 6നാണ് പൈപ്പ് പൊട്ടിയത്. നാട്ടുകാർ വാട്ടർ അതോറിറ്റി കൊട്ടിയം ഡിവിഷൻ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ജീവനക്കാരെത്തി വെള്ളം പാഴാകുന്നത് നേരിൽ കണ്ട് ബോധ്യപ്പെട്ടെങ്കിലും തങ്ങളുടെ അധികാര പരിധിയിൽപ്പെട്ടതല്ലെന്നും ജപ്പാൻ കുടിവെള്ള പദ്ധതി കരാറുകാരാണ് റിപ്പയർ ചെയ്യേണ്ടതെന്നും പറഞ്ഞ് സ്ഥലംവിട്ടു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കൊടും വേനലിൽ കിണറുകളും ജലസ്രോതസുകളും വറ്റിവരണ്ടതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൈപ്പ് പൊട്ടി ആഴ്ചകളായി വെള്ളം പാഴാകുന്നത്. അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.