smash-computers

കൊല്ലം: സംസ്ഥാനത്ത് ഇനി മുതൽ പേപ്പർലെസ് മോട്ടോർ വാഹന ഓഫീസുകൾ! ഇതു സംബന്ധിച്ച് ട്രാൻ.കമ്മിഷണറുടെ സർക്കുലർ എല്ലാ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലും എത്തിയതിനാൽ ഈ ആഴ്ച മുതൽ പേപ്പർലെസ് സംവിധാനം നടപ്പാകും. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണും എ.ടി.എം കാർഡും ഉണ്ടെങ്കിൽ ആർ.ടി.ഓഫീസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ വീട്ടിലിരുന്നും ചെയ്യാൻ കഴിയുന്നവിധം നേരത്തേതന്നെ മോട്ടോർ വാഹന വകുപ്പ് ഹൈടെക് ആയി മാറിയിരുന്നു.

ഈ സംവിധാനത്തിൽ പണം അടയ്ക്കാനും അപേക്ഷ നൽകാനും കഴിഞ്ഞിരുന്നുവെങ്കിലും ബന്ധപ്പെട്ട ഫയലുകളുമായി ഓഫീസുകൾ കയറി ഇറങ്ങണമായിരുന്നു. ഇനി അതുവേണ്ട. ഓഫീസുകളിൽ പേപ്പർ ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയും മാറും. വെബ് അധിഷ്ഠിത സോഫ്റ്റ് വെയറായ പരിവാഹനിലേക്ക് പൂർണമായും മോട്ടോർ വാഹന വകുപ്പ് മാറിയതിനെ തുടർന്നാണ് പുതിയ പരിഷ്കാരം.

മുഖംമാറ്റം

ഡ്രൈവിംഗ് ലൈസൻസിനോ വാഹന രജിസ്ട്രേഷനോ അപേക്ഷ നൽകുമ്പോൾ ഉടമ പേപ്പർ ഫയൽ ഹാജരാക്കേണ്ടതില്ല. പരിവാഹനിൽ ലഭ്യമാകുന്ന ഡിജിറ്റൽ ഫയൽ ഓഫീസ് രേഖയായി പരിഗണിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കും.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, വാഹനങ്ങളുടെ കൺവേർഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ സേവനങ്ങക്ക് ഓൺലൈൻ അപേക്ഷകൾ മാത്രം മതിയാകും. ലൈസൻസിന്റെ പർട്ടിക്കുലേഴ്സ്, വാഹന പർട്ടിക്കുലേഴ്സ്, വാഹന നികുതി ഒടുക്കൽ തുടങ്ങിയ സേവനങ്ങൾക്ക് ഓഫീസിൽ നിന്നുള്ള സേവനം ആവശ്യമില്ല.

ഓഫീസ് നടപടി

പുതിയ ലൈസൻസിനോ അധിക ക്ളാസ് ചേർക്കുന്നതിനോ ആയ അപേക്ഷകളിൽ ടെസ്റ്റ് ഷീറ്റിൽ (ഡി.എൽ.സി) മാത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിസൾട്ട് എഴുതേണ്ടതും ആ റിസൾട്ട് അതാത് ദിവസം കമ്പ്യൂട്ടറിൽ രേഖപ്പെടുത്തേണ്ടതുമാണ്. റിസൾട്ട് എഴുതിയ ഫോറം ഓഫീസിൽ തീയതി അനുസരിച്ച് റിക്കോർഡ് റൂമിൽ സൂക്ഷിക്കും.

ഓഫീസിൽ സൂക്ഷിക്കേണ്ടവ

1.പുതിയ വാഹന രജിസ്ട്രേഷനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ ഡിജിറ്റൽ ആയി ലഭ്യമായിരിക്കുന്ന രേഖകൾ പേപ്പർ ഫോമിൽ വാങ്ങേണ്ടതില്ലെങ്കിലും വാഹനങ്ങളുടെ ചേസിസ് പ്രിന്റോടുകൂടിയ ഡീലറുടെ ഇൻസ്പക്ഷൻ സർട്ടിഫിക്കറ്റും അളവ് സർട്ടിഫിക്കറ്റും ഓഫീസ് റിക്കോർഡ് റൂമിൽ സൂക്ഷിക്കണം.

2. ഫോറം ഡി.എൽ.സി, ഇൻസ്പക്ഷൻ സർട്ടിഫിക്കറ്റ് എന്നിവ ഒരു വർഷ കാലയളിവിലേക്ക് റിക്കോർഡ് റൂമിൽ സൂക്ഷിക്കേണ്ടതാണ്. കാലാവധി കഴി‌ഞ്ഞവ കമ്പ്യൂട്ടറിലേക്ക് സ്കാൻ ചെയ്തശേഷം നശിപ്പിക്കും.

വാഹന രജിസ്ട്രേഷന്റെ കാലാവധി 15 വർഷമായതിനാൽ ഫോറം ഡി.എൽ.സി ഇൻസ്പെക്ഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഈ കാലയളവ് വരെ അപേക്ഷകന് സൂക്ഷിക്കാം.

സ്റ്റാമ്പ് ഒട്ടിച്ച കവർ വേണം

ലൈസൻസും മറ്റ് സർട്ടിഫിക്കറ്റുകളും വീട്ടിലെത്തണമെങ്കിൽ അപേക്ഷകന്റെ അഡ്രസ് എഴുതി സ്റ്റാമ്പ് ഒട്ടിച്ച കവർ വാങ്ങിവയ്ക്കുന്ന രീതി മാറിയിട്ടില്ല. വകുപ്പ് വിഭാവനം ചെയ്യുന്ന കേന്ദ്രീകൃത പ്രിന്റിംഗ് പ്രാവർത്തികമാകുന്നതുവരെ ഈ രീതി തുടരണമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. കേരള ബുക്സ് ആന്റ് പബ്ളിഷിംഗ് സൊസൈറ്റിയുമായി കരാറുണ്ടാക്കി ലൈസൻസ് അടക്കമുള്ള സർട്ടിഫിക്കറ്റുകൾ അപേക്ഷകനിലേക്ക് എത്തിയ്ക്കാനുള്ള സംവിധാനം ആയിവരുന്നുണ്ട്.