മെറ്റലും പാറപ്പൊടിയും പാകിയ റോഡിൽ പൊടിയുയരുന്നു
കുണ്ടറ: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും വെട്ടിക്കുഴിച്ച കേരളപുരം മാമ്പുഴ റോഡിന്റെ പുനർനിർമ്മാണം പാതിവഴിയിയിൽ മുടങ്ങിയ അവസ്ഥയിൽ. കുടിവെള്ള പദ്ധതിക്കായി സ്റ്റീൽ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതാണ് പ്രദേശത്തെ ജനങ്ങളെ മുഴുവൻ ദുരിതത്തിലാക്കുന്ന അവസ്ഥയിലേക്ക് റോഡിനെ എത്തിച്ചത്. ഇപ്പോൾ മെറ്റലും പാറപ്പൊടിയും ചേർത്ത് നിരത്തിയ റോഡിൽ നിന്നുയരുന്ന പൊടിശല്യം മൂലം പ്രദേശത്തെ ജനങ്ങളാകെ ബുദ്ധിമുട്ടുകയാണ്.
കേരളപുരം - മാമ്പുഴ റോഡിൽ ചെറുതും വലുതുമായി നൂറോളം വ്യാപാര സ്ഥാപനങ്ങളാണുള്ളത്. ഇവ തുറക്കാൻ കഴിയാതെ കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന സ്ഥിതിയിലാണ് വ്യാപാരികൾ. പൈപ്പിടൽ ആരംഭിച്ചപ്പോൾ കച്ചവടം നടക്കാത്തതിനാൽ കുറേക്കാലം അടച്ചിട്ട വ്യാപാരസ്ഥാപനങ്ങൾ ഇപ്പോഴത്തെ പൊടിശല്യം മൂലം വീണ്ടും പൂട്ടേണ്ടി വന്നപ്പോൾ ഇനിയെന്ന് തുറക്കാൻ കഴിയുമെന്ന ആശങ്കയിലാണ് അവർ. റോഡിന്റെ പണി പാതിവഴിയിൽ നിലച്ചതോടെ പൊടികയറി വ്യാപാരികളുടെ ലക്ഷക്കണക്കിന് രൂപയുടെ കച്ചവട സാധനങ്ങളാണ് ഇതിനോടകം നശിച്ചുപോയത്.
വെട്ടിപ്പൊളിച്ച് തരിപ്പണമാക്കി
പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായാൽ ഉടൻ തന്നെ റോഡിന്റെ നിർമ്മാണം ആരംഭിക്കുമെന്നായിരുന്നു അധികൃതർ നൽകിയിരുന്ന ഉറപ്പ്. പൈപ്പിടുന്നതിനായി റോഡിന്റെ പകുതിയും അഞ്ച് മീറ്ററോളം ആഴത്തിലാണ് വെട്ടിമുറിച്ചത്. പൈപ്പുകൾ സ്ഥാപിച്ച് കുഴികൾ മൂടിയെങ്കിലും ടാറിംഗ് നടക്കാത്തതോടെ കേരളപുരം മുതൽ മാമ്പുഴ വരെയുള്ള റോഡിൽ വേനൽക്കാലത്ത് അന്തരീക്ഷം മുഴുവൻ മൂടുന്ന പൊടിയും മഴപെയ്താൽ ചെളിയും നിറയുന്ന സ്ഥിതിയായി. ഇതേതുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മെറ്റലും പാറപ്പൊടിയും ചേർത്ത് ഉറപ്പിക്കുന്ന ജോലികൾ ചെയ്ത് ബന്ധപ്പെട്ടവർ തടിതപ്പുകയായിരുന്നു.
വകുപ്പുകൾ തമ്മിൽ കിടമത്സരം ?
പദ്ധതിയുടെ പൂർണ്ണ ഉത്തരവാദിത്തം ജല അതോറിറ്റിക്കാണെങ്കിലും പി.ഡബ്ളിയു.ഡിയുമായുള്ള കിടമത്സരമാണ് റോഡിന്റെ ഇന്നത്തെ ദുഃസ്ഥിതിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് നിർമ്മാണത്തിന്റെ പലഘട്ടത്തിലും ഇരുവകുപ്പുകളും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഒടുവിൽ ജില്ലാ കളക്ടർ ഇടപെട്ടാണ് റോഡിൽ മെറ്റൽ പാകുന്ന പ്രവൃത്തികളെങ്കിലും നടന്നത്.
.....................................
മേയിൽ പൂർത്തിയാക്കും
കിഫ്ബി ഫണ്ട് ചെലവഴിച്ച് 35 കിലോമീറ്റർ റോഡിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 15 കിലോമീറ്റർ റോഡിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി കഴിഞ്ഞു. കേരളപുരം - മാമ്പുഴ റോഡ് അതിൽ ചെറിയൊരു ഭാഗം മാത്രമാണ്. നിർമ്മാണം അതിവേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. മെറ്റലിന്റെ ലഭ്യതക്കുറവാണ് ഇപ്പോഴത്തെ പ്രശ്നം. മേയ് മാസത്തോട് കൂടി എല്ലാ റോഡുകളുടെയും നിർമ്മാണം പൂർത്തിയാകും.
മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ
ലക്ഷങ്ങളുടെ നഷ്ടം
റോഡിന്റെ ദുരവസ്ഥ മൂലം പ്രദേശത്തെ വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. യാത്രക്കാരാരും ഇതുവഴി വരാതെയായി. പൊടിശല്യം മൂലം വ്യാപാരികളിൽ പലരും നിത്യരോഗികളായി. അടിയന്തരമായി റോഡ് നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.
ബി. ഉദയകുമാർ (വ്യാപാരി വ്യവസായി ഏകോപന സമിതി, കേരപുരം യൂണിറ്റ് ജനറൽ സെക്രട്ടറി)