munroe
മൺറോതുരുത്തിൽ വള്ളത്തിൽ കുടങ്ങളുമായി കുടിവെള്ളം ശേഖരിക്കാൻ പോകുന്ന യുവാവ്

 അടിക്കടി പമ്പ് ഹൗസുകൾ പ്രവർത്തനരഹിതമാകുന്നു

മൺറോതുരുത്ത്: നാലുവശവും ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട മൺറോതുരുത്തിലെ ജനങ്ങൾ പൂർണമായും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റിയെയാണ്. എന്നാൽ അതോറിറ്റിയുടെ പമ്പ് ഹൗസുകളിലെ മോട്ടോർ അടിക്കടി കേടാകുന്നത് മൂലം മൺറോതുരുത്തുകാർ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയാണ് നിലവിൽ.

രണ്ടാഴ്ച മുമ്പ് കാരൂത്തറക്കടവിലെയും കക്കാട്ട് കടവിലെയും പമ്പ് ഹൗസുകൾ പ്രവർത്തനരഹിതമായിരുന്നു. ഇതേതുടർന്ന് പ്രദേശവാസികൾ ഒരാഴ്ചയോളം വെള്ളമില്ലാതെ ദുരിതത്തിലായി. അന്ന് നന്നാക്കിയ കക്കാട്ട് കടവിലെ മോട്ടോറാണ് ഇപ്പോൾ വീണ്ടും കേടായത്.

 നാട്ടുകാരുടെ ആവശ്യം

കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന വാർഡുകളാണ് നെന്മേനി, നെന്മേനി തെക്ക്, വില്ലിമംഗലം, തൂമ്പുംമുഖം തുടങ്ങിയവ. ഈ വാർഡുകളിലെ കുടിവെള്ള ക്ഷാമം യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

 പമ്പ് ഹൗസുകളിലെ പ്രവർത്തനരഹിതമായ മോട്ടോർ നന്നാക്കാനായി നിലവാരമില്ലാത്ത സാധനങ്ങളാണ് കരാറുകാർ ഉപയോഗിക്കുന്നത്. ഇതുകൊണ്ടാണ് മോട്ടോർ അടിക്കടി കേടാകുന്നത്.

നാട്ടുകാർ

 5 പമ്പ് ഹൗസുകൾ

മൺറോതുരുത്തിൽ അഞ്ച് പമ്പ് ഹൗസുകളാണ് നിലവിലുള്ളത്. ഇതിൽ ഏതെങ്കിലും മോട്ടോർ പ്രവർത്തനരഹിതമായാൽ ഇളക്കിക്കൊണ്ടുപോയി വേണം റിപ്പയർ ചെയ്യാൻ. ഇതിന് സാധാരണ ഒരാഴ്ച്ചയെങ്കിലും സമയമെടുക്കും. അതുവരെ ആ പമ്പ് ഹൗസ് പരിധിയിലുള്ള മുന്നോ നാലോ വാർഡുകളിലെ ജനങ്ങളുടെ വെള്ളംകുടി മുട്ടും.

ഈ സാഹചര്യത്തിൽ ഒരു സ്പെയർ മോട്ടോറെങ്കിലും മൺറോതുരുത്തിനായി കരുതാനുള്ള നാട്ടുകാരുടെ ആവശ്യം വാട്ടർ അതോറിറ്റി കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

 ജലമാർഗം ജലംതേടി

ജലനി‌രപ്പിലും താഴെയാണ് മൺറോതുരുത്തെങ്കിലും വേനലായാൽ കുടിവെള്ളം ഇവിടെ കിട്ടാക്കനിയാണ്. മറുകരയിലെത്തി കുടിവെള്ളം ശേഖരിക്കുകയാണ് ഏക പോംവഴി. പലവീടുകളിൽ നിന്ന് കൊടുത്തുവിടുന്ന കുടങ്ങളുമായി വള്ളത്തിൽ പോയാണ് മറുകരകളിൽ നിന്ന് ജലം ശേഖരിക്കുന്നത്.