തൊടിയൂർ: തലച്ചോറിലെ ട്യൂമർ നീക്കുന്നതിന് സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്ന കല്ലേലിഭാഗം താച്ചെ തെക്കതിൽ ബീനയ്ക്ക് (27) സഹായഹസ്തവുമായി ചാമ്പക്കടവ് ബ്രദേഴ്‌സെത്തി. ചാമ്പക്കടവിലെ ഓട്ടോ ഡ്രൈവർമാരും സുഹൃത്തുക്കളും ചേർന്ന് രൂപം കൊടുത്ത സംഘടനയാണിത്. സംഘടനയിലെ അംഗങ്ങളായ നൂറുദ്ദീൻ, ഷെമീർ, ഫിറോസ്, മാഹിൻ, നൗഷാദ്, ഷെഹിൻ, ഫൈഹാൻ എന്നിവരാണ് ബീനയുടെ വീട്ടിൽ എത്തി 50000 രൂപയുടെ ഡി.ഡി കൈമാറിയത്. ചികിത്സാ സഹായ നിധി ചെയർമാൻ സുഭാഷ് ദേവനന്ദനം, സുരേഷ്, ഷാഹിന എന്നിവരും പങ്കെടുത്തു.
രണ്ടു കുരുന്നുപെൺകുട്ടികളുടെ മാതാവായ ബീന തലച്ചോറിലെ ട്യൂമർ നീക്കാൻ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർത്ഥിക്കുന്ന വിവരം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നിരവധി വ്യക്തികളും സംഘടനകളും സഹായവുമായി എത്തി. ഏപ്രിൽ ആദ്യം തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു ബീന.