കൊല്ലം: കപട ദേശസ്നേഹം പറഞ്ഞ് വിദേശ കുത്തകകൾക്ക് രാജ്യത്തെ അടിയറവയ്ക്കുന്ന നയമാണ് നരേന്ദ്ര മോദി സർക്കാർ ബഡ്ജറ്റിലൂടെ നടപ്പാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര ബഡ്ജറ്റിനെതിരെ എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുച്ചൂടും നശിപ്പിക്കുന്ന കേന്ദ്ര നയം പൊതുമേഖലാ സ്ഥാപനങ്ങളെ തളർത്തുന്നു. രാജ്യസമ്പത്ത് സ്വകാര്യ മേഖലയ്ക്ക് പോകുന്നതിനൊപ്പം പതിനായിരങ്ങളുടെ ജോലിസാധ്യതയും ഇല്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കൊല്ലം ഏരിയാ സെക്രട്ടറി എ.എം. ഇക്ബാൽ സ്വാഗതം പറഞ്ഞു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചു റാണി, നേതാക്കളായ രാജീവ്, വി.കെ. അനിരുദ്ധൻ, മോഹൻദാസ്, ഡി. സുകേശൻ, തടത്തിവിള രാധാകൃഷ്ണൻ, കണ്ണനലൂർ ബെൻസിലി, മാണി അലക്സാണ്ടർ, ഇ. ഷാനവാസ് ഖാൻ, മുൻ മേയർമാരായ വി. രാജേന്ദ്ര ബാബു, സബിത ബീഗം എന്നിവർ സംസാരിച്ചു.