കൊട്ടിയം: ജില്ലയിലെ വില്ലേജുകളിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (വി.എഫ്.എ) ഒഴിവുകൾ നികത്താത്തത് ജോലിഭാരം വർധിപ്പിക്കുന്നതായി പരാതി. നിലവിൽ വി.എഫ്.എയുടെ 51ലേറെ ഒഴിവുകളാണുള്ളത്. പി.എസ്.സി ഓഫീസിൽ ഇവ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. പുതിയ റാങ്ക് ലിസ്റ്റ് 2019 ഡിസംബറിലാണ് നിലവിൽ വന്നത്. എന്നാൽ റാങ്ക് ലിസ്റ്റ് വന്ന് രണ്ടുമാസമായിട്ടും ഇതുവരെയും ഒരാളെ പോലും നിയമിച്ചിട്ടില്ല.
ജില്ലയിലെ പല വില്ലേജുകളിലും ഫീൽഡ് അസിസ്റ്റന്റുകളുടെ തസ്തിക ഒഴിഞ്ഞുകിടന്നിട്ടും വകുപ്പിന് ഇതേപ്പറ്റി യാതൊരു അറിവുമില്ല. വില്ലേജ് മാനുവലിൽ പറയുന്ന നോട്ടീസ് നൽകൽ, ലൊക്കേഷൻ സ്കെച്ച് നൽകൽ, സർവേ സ്കെച്ച് തയ്യാറാക്കൽ, നികുതി പിരിവ് തുടങ്ങിയവയൊക്കെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ ജോലികളാണ്. ഇവ ചെയ്യാൻ ആളില്ലാതായതോടെയാണ് വില്ലേജുകളിലെത്തുന്നവർ ആവശ്യങ്ങൾക്കായി പരക്കം പാഞ്ഞുനടക്കേണ്ട ഗതിയാണ്.
റിപ്പോർട്ട് ചെയ്ത 51 ഒഴിവുകൾ കൂടാതെ റിപ്പോർട്ട് ചെയ്യാത്ത 20 ഓളം ഒഴിവുകളും ജില്ലയിലുണ്ടെന്ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഒരു വിഭാഗം ഉദ്യോഗാർത്ഥികളും പറയുന്നു.
ജില്ലയിലെ ഒഴിവുകൾ നിലവിൽ
റിപ്പോർട്ട് ചെയ്തത് 51ലേറെ
റിപ്പോർട്ട് ചെയ്യാത്തത് 20 ഓളം
പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 2019 ഡിസംബറിൽ