കൊല്ലം: കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണം ജനങ്ങൾ നേരിടേണ്ടി വരുന്ന രണ്ടു ദുരന്തങ്ങളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻപറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേത്യത്വത്തിൽ നടക്കുന്ന ജനകീയ പ്രതിഷേധ ജ്വാലയുടെ കൊല്ലം ബ്ലോക്കിലെ പര്യടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരാജയപ്പെട്ട രണ്ടു ഭരണാധികാരികളാണ് രാജ്യവും സംസ്ഥാനവും ഭരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ജോർജ്. ഡി കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം. പി, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ മോഹൻ ശങ്കർ, ശൂരനാട് രാജശേഖരൻ, ജനറൽ സെക്രട്ടറിമാരായ ഡി. സുഗതൻ, എ. ഷാനവാസ്ഖാൻ, എം.എം. നസീർ, ജി. രതികുമാർ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, യു.ഡി..എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, ജി. പ്രതാപവർമ്മ തമ്പാൻ, സൈമൺ അലക്സ്, എ.കെ. ഹഫീസ്, ആർ. രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.