v
ബി.ജെ.പി

 യുവമോർച്ചാ മാർച്ചിൽ പൊലീസ് ജലപീരങ്കി

കൊല്ലം: കേരളത്തിൽ അഴിമതി നടക്കാത്ത ഒരു വകുപ്പുമില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ പറഞ്ഞു. പൊലീസ് തലപ്പത്തെ അഴിമതി സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 100 കോടിക്ക് മുകളിൽ മൂല്യം വരുന്ന അഴിമതിയാണ് ആഭ്യന്തര വകുപ്പിൽ നടന്നത്.

വാഹനങ്ങളും സുരക്ഷാ കാമറകളും മുതൽ മൊട്ടുസൂചി വാങ്ങിയതിൽ വരെ അഴിമതിയാണ്. ഡി.ജി.പിയിൽ മാത്രം ഒതുങ്ങന്നതല്ല ഇത്. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾ വരെ ആരോപണ നിഴലിലാണ്. സത്യം പുറത്തുവരണമെങ്കിൽ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്.ജിതിൻദേവ് അദ്ധ്യക്ഷനായിരുന്നു.

ചിന്നക്കട റസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് എ.ആർ.ക്യാമ്പിന് മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിട്ട് അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയേറ്റ് യുവമോർച്ച ജില്ലാ സെക്രട്ടറി അനീഷ് ജലാലിന്റെ ചെവിക്ക് പരിക്കേറ്റു. അനീഷിനെ പൊലീസ് വാഹനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

യോഗത്തിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ വിഷ്‌ണു പട്ടത്താനം, അനീഷ് പാരിപ്പള്ളി, നേതാക്കളായ വി.ധനേഷ്, അഭിഷേക് മുണ്ടക്കൽ, ജമുൻ ജഹാംഗീർ, സി.തമ്പി, രഞ്‌ജിത് റാം തുടങ്ങിയവർ പ്രസംഗിച്ചു.