കൊല്ലം: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് 'നാം ഒന്നാണ് ' എന്ന മുദ്രാവാക്യമുയർത്തി ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ഇന്ന് സമാപിക്കും. വനിതാ ഡി.സി.സി പ്രസിഡന്റ് നയിച്ച ഏറ്റവും നീണ്ട പദയാത്ര എന്ന ചരിത്രം സൃഷ്ടിച്ചാണ് യാത്ര സമാപിക്കുന്നത്.
കഴിഞ്ഞമാസം 18ന് ഓച്ചിറയിൽ നിന്നാണ് തുടങ്ങിയത്. ജില്ലയിൽ 448 കിലോ മീറ്ററാണ് യാത്ര ലക്ഷ്യമിട്ടതെങ്കിലും ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും അഭ്യർത്ഥന മാനിച്ച് മുൻകൂട്ടി നിശ്ചയിക്കാത്ത ഇടങ്ങളിലേക്കും യാത്ര കടന്നു ചെന്നു. ഇന്നലെ രാത്രി അവസാനകേന്ദ്രമായ കടപ്പാക്കടയിൽ യാത്ര എത്തിയപ്പോൾ 520 കിലോമീറ്ററാണ് ആകെ താണ്ടിയത്.
ബ്ലോക്ക് കമ്മിറ്റി അടിസ്ഥാനത്തിലായിരുന്നു യാത്രയുടെ ഓരോ ദിവസത്തെയും പര്യടനം. 22 ദിവസത്തിനിടെ ചൂടിനെയും വെയിലിനെയും അവഗണിച്ച് അരലക്ഷം പേർ യാത്രയിൽ അണിനിരന്നു. വീട്ടമ്മമാരും കശുഅണ്ടി തൊഴിലാളികളും പാർട്ടി പ്രവർത്തകരും ചേർന്ന് രണ്ടായിരത്തോളം കേന്ദ്രങ്ങളിൽ ജാഥയെ സ്വീകരിച്ചു. ഓരോ ബ്ലോക്ക് കേന്ദ്രങ്ങളിലും വൈകിട്ട് നടന്ന സമാപന സമ്മേളനങ്ങളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.
യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4ന് ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് പതിനായിരങ്ങൾ അണിനിരക്കുന്ന കൂറ്റൻ റാലി നടക്കും. റാലി കന്റോൺമെന്റ് മൈതാനത്ത് അവസാനിക്കുമ്പോൾ നടക്കുന്ന സമാപന സമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.
യാത്രാദിനങ്ങൾ: 22
നിശ്ചയിച്ചത് 448 കി. മീറ്റർ
സഞ്ചരിച്ചത് 520 കി. മീറ്റർ
'' ഏറെ ഹൃദ്യമായ അനുഭവമാണ് ജനകീയ പ്രക്ഷോഭ ജ്വാല സമ്മാനിച്ചത്. ഇത്രയേറെ ദൂരം നടന്നെത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും പിന്തുണയാണ് ആരോഗ്യപ്രശ്നങ്ങളെയെല്ലാം അവഗണിക്കാനുള്ള കരുത്ത് നൽകിയത്. തിരഞ്ഞെടുപ്പ് പ്രചരണ ജാഥകളിൽ സാധാരണ പാർട്ടി പ്രവർത്തകരേ വരാറുള്ളു. പക്ഷെ, ഈ യാത്രയിൽ നിഷ്പക്ഷർക്ക് പുറമെ മറ്റു പാർട്ടി പ്രവർത്തകരും സ്വീകരിക്കാനെത്തി. സ്ത്രീകളാണ് ഏറ്റവുമധികം വഴിയരികിൽ കാത്ത് നിന്ന് വരവേറ്റത്. പൂക്കളിറുത്ത് നൽകിയും കെട്ടിപ്പിടിച്ചുമൊക്കെയാണ് അവർ സ്നേഹവും പിന്തുണയും അറിയിച്ചത്. താഴേതട്ട് മുതലുള്ള പാർട്ടി ഘടകങ്ങളെ ഒന്നാകെ ഉണർത്താനും കഴിഞ്ഞു.''
ബിന്ദുകൃഷ്ണ, ഡി.സി.സി പ്രസിഡന്റ്