പുനലൂർ: പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ നിർമ്മാണം അന്തിമഘട്ടത്തിലായ പുതിയ കെട്ടിട സമുച്ചയം ഏപ്രിലിൽ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. പുതിയ കെട്ടിട സമുച്ചയത്തിൽ സ്ഥാപിക്കാൻ ലോക മലയാളി സംഘടന സംഭാവനയായി നൽകിയ 20 ടെലിവിഷനുകൾ ഏറ്റുവാങ്ങുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
കിഫ്‌ബിയിൽ നിന്ന് ആരോഗ്യമേഖലക്ക് അനുവദിച്ച 68കോടി രൂപയും വിവിധ പദ്ധതികളിൽ നിന്ന് അനുവദിച്ച 17കോടി രൂപയും ഉൾപ്പെടുത്തിയാണ് പത്ത് നിലയുള്ള കെട്ടിടം നിർമ്മിക്കുന്നത്. രണ്ട് ലക്ഷത്തി ഇരുപതിനായിരം ചതുരശ്രഅടിയാണ് വിസ്തീർണം. ശീതീകരിച്ച ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ലേബർ റൂമുകൾ, ഡയലിസിസ് യൂണിറ്റുകൾ, ഓക്സിജൻ പ്ലാന്റ്, അധുനിക രക്ത ബാങ്ക്, എല്ലാ വിഭാഗം രോഗികൾക്കും പ്രത്യേക വാർഡുകളും മുറികളും, കാൻസർ കെയർ യൂണിറ്റ്, ഓപ്പറേഷൻ തീയേറ്ററുകൾ, ഒ.പികൾ, പൂന്തോട്ടം, ക്വാന്റീൻ, വിശാലമായ കാർ പാർക്കിംഗ് ഏരിയ, വിപുലമായ മോർച്ചറികൾ തുടങ്ങിയവ സജ്ജമാക്കും. നിലവിൽ താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിന് പിന്നിലായാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്.
ടെലിവിഷൻ ഏറ്റുവാങ്ങൽ ചടങ്ങിൽ പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, ബി. സുജാത, അംജത്ത് ബിനു, വി. ഓമനക്കുട്ടൻ, കൗൺസിലർമാരായ എസ്. സുബിരാജ്, സുരേന്ദ്രനാഥ തിലകൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ, ലോക മലയാളം സംഘടന ചെയർമാൻ ഇബ്രാഹിം ഹാജി, പ്രസിഡന്റ് ഗോപാലകൃഷ്ണ പിള്ള, സുനന്ദകുമാരി, ജോൺ മത്തായി, കെ.കെ. സുരേന്ദ്രൻ തുടങ്ങിയ നിരവധി പേർ സംബന്ധിച്ചു.
മികവിൽ എന്നും മുന്നിൽ
സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയായ ഇവിടെ നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. വൃത്തിയിലും വെടിപ്പിലും സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ആശുപത്രിയിൽ ഇപ്പോൾ 3000 ത്തിൽ അധികം രോഗികളാണ് ദിവസവും ചികിത്സ തേടിയെത്തുന്നത്. പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുപ്പോഴും എല്ലാ സൗകര്യങ്ങളും ഉണ്ടെന്നുള്ളതാണ് പ്രധാന സവിശേഷത. ജില്ലയ്ക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള രോഗികൾ ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.
അന്തർദേശീയ നിലവാരത്തിലേക്ക്
ആശുപത്രിയുടെ മികച്ച പ്രവർത്തനം കണക്കിലെടുത്ത് ഇത് നേരിൽ കണ്ട് വിലയിരുത്താൻ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള എം.എൽ.എമാർ അടക്കമുളള ജനപ്രതിനിധികളും വിദേശസംഘങ്ങളും നേരത്തെ എത്തിയിരുന്നു. പുതിയ കെട്ടിടത്തിൽ ആശുപത്രിയുടെ പ്രവർത്തം ആരംഭിക്കുന്നതോടെ അന്തർദേശീയ നിലവാരത്തിലേക്ക് താലൂക്ക് ആശുപത്രി ഉയരുമെന്നാണ് കണക്കുകൂട്ടൽ.
85 കോടിയോളം രൂപ ചെലവഴിച്ചാണ് പത്ത് നിലയുള്ള കെട്ടിടം നിർമ്മിക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള കെട്ടിടത്തിന്റെ 90 ശതമാനം ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. ശേഷിക്കുന്ന ജോലികൾ അടുത്ത മാസം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും
മന്ത്രി കെ. രാജു
പ്രത്യേകതകൾ ഇവ
01.ഡയലിസിസ് യൂണിറ്റുകൾ
02.ഓക്സിജൻ പ്ലാന്റ്
03. അധുനിക രക്ത ബാങ്ക്
04. കാൻസർ കെയർ യൂണിറ്റ്
വിസ്തീർണം: 2,20000 ചതുരശ്ര അടി
10 നിലകൾ
ചെലവ്:85 കോടി
കിഫ്ബി ഫണ്ട്: 68 കോടി
മറ്റ് ഫണ്ടുകൾ: 17 കോടി