ഓച്ചിറ: കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഒഴിഞ്ഞ കുടങ്ങളുമായി വീട്ടമ്മമാർ വാട്ടർ അതോറിറ്റി ഓച്ചിറ അസിസ്റ്റന്റ് എൻജിനിയർ കാര്യാലയം ഉപരോധിച്ചു. ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ 12, 13, 15 വാർഡുകളിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ക്ലാപ്പന കുന്നീമണ്ണേൽകടവ് തത്വമസി കാളകെട്ട് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. ഗ്രാമപഞ്ചായത്തംഗങ്ങളായ ക്ലാപ്പന ഷിബു, ഗീത എന്നിവർ നേതൃത്വം നൽകി.
ജലത്തിന് കടുത്ത ദൗർലഭ്യം നേരിടുന്ന ക്ലാപ്പനയിലെ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഓച്ചിറ ജപ്പാൻ കുടിവെള്ള പദ്ധതിയെയാണ്. ഓച്ചിറയിൽ നിന്ന് പമ്പ് ചെയ്യുന്ന ജലം ആലുംപീടിക എരമത്ത് കാവിന് സമീപമുള്ള ടാങ്കിൽ ശേഖരിച്ചശേഷമാണ് ക്ലാപ്പനയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മാസമായി കടുത്ത കുടിവെള്ള ക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്. രണ്ട് ഇഞ്ച് വ്യാസമുള്ള പൈപ്പാണ് ജലവിതരണത്തിനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നും വലിയ പൈപ്പ് ഉപയോഗിച്ചാൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയുമെന്നും ഗ്രാമപഞ്ചായത്തംഗം ക്ലാപ്പന ഷിബു പറഞ്ഞു. സമിതി ഭാരവാഹികളായ ചക്രപാണി, സനൽദാസ്, പവിത്രൻ, വിമൽകുമാർ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.