കരുനാഗപ്പള്ളി: ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ കേന്ദ്ര സർക്കാർ വർഗീയതയുടേയും വിഭാഗീയതയുടേയും വിത്തുവിതയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കരുനാഗപ്പള്ളിയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ബി. ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്രുതുലയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. എൻ. ശിവരാജൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ, ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ബി. സജീവൻ, കെ.എസ്. ഷറഫുദ്ദീൻ മുസലിയാർ, ഗോപി ദാസ് തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.