മൂന്ന് പേർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
ഇരുമ്പ് തൂണുകൾ തകർത്താണ് മണ്ണ് താഴേക്ക് പതിച്ചത്
കൊല്ലം: കൊല്ലം തോടിന് കുറുകെ പുനർനിർമ്മിക്കുന്ന കല്ലുപാലത്തിന്റെ പണിയ്ക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി കുടുങ്ങി. അരയ്‌ക്ക് താഴേക്ക് മണ്ണിലകപ്പെട്ട തൊഴിലാളിയെ അരമണിക്കൂറിലേറെ പണിപ്പെട്ട് രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടേ മുക്കാലോടെ ആയിരുന്നു അപകടം. കരിക്കോട് കാർത്തിക ഭവനത്തിൽ ചന്തുവാണ് (20) മണ്ണിൽ കുടുങ്ങിയത്. ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു.
പുതിയ പാലത്തിന്റെ പൈലിംഗിന് മുന്നോടിയായി മണ്ണിടിയാതിരിക്കാൻ ഇരുമ്പ് തൂൺ നാട്ടിയുള്ള ജോലികൾ നടക്കുന്നതിനിടെയാണ് മുകളിൽ നിന്ന് മണ്ണിടിഞ്ഞത്. മണ്ണിടിഞ്ഞ് വരുന്നതുകണ്ട് മൂന്നു തൊഴിലാളികൾ ഓടി മാറിയെങ്കിലും കുഴിക്കുള്ളിൽ നിൽക്കുകയായിരുന്ന ചന്തുവിന്റെ ദേഹത്തേക്ക് മണ്ണ് വീഴുകയായിരുന്നു. വെൽഡ് ചെയ്‌ത് ഉറപ്പിച്ച ഇരുമ്പ് തൂണുകൾ ഒടിഞ്ഞാണ് മണ്ണ് താഴേക്ക് പതിച്ചത്. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഫയർഫോഴ്സിന്റെ സഹായം തേടി. വിളിപ്പാടകലെയുള്ള ചാമക്കട ഫയർ സ്റ്റേഷനിൽ നിന്ന് യൂണിറ്റ് കുതിച്ചെത്തി. കടപ്പാക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും എത്തി. കൂടുതൽ മണ്ണിടിഞ്ഞ് വീഴാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചശേഷമാണ് രക്ഷാ പ്രവർത്തനം തുടങ്ങിയത്. 1.25ന് ചന്തുവിനെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിവിധ സ്റ്റേഷനുകളിൽ നിന്ന് പൊലീസും എത്തിയിരുന്നു. കൊല്ലം തോടിന്റെ ഇരു കരകളിലും നൂറ് കണക്കിനാളുകൾ തടിച്ച് കൂടി.
മണ്ണിടിയാതിരിക്കാനുള്ള
ജോലിക്കിടെ മണ്ണിടിച്ചിൽ
പുതിയ പാലത്തിന് പൈലിംഗ് നടക്കുമ്പോൾ മണ്ണിടിയാതിരിക്കാൻ ഇരുമ്പ് തൂണുകൾ നാട്ടി വശങ്ങളിൽ ഷീറ്റ് പിടിപ്പിക്കുകയായിരുന്നു ചന്തുവും സഹപ്രവർത്തകരും. ഇതിനിടെയാണ് മണ്ണിടിഞ്ഞത്. ചാടുന്നതിനിടെ ഒരു കാൽ കുടുങ്ങി പോയതിനാലാണ് ചന്തുവിന് മാറാൻ കഴിയാതെ പോയത്. ഇരുമ്പ് തൂണുകൾ ഒടിഞ്ഞ് ചന്തുവിന്റെ തലയ്‌ക്ക് മുകളിലൂടെയാണ് അപായം കൂടാതെ നിലം പൊത്തിയത്.
തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ വേണം
തൊഴിലാളികൾക്ക് മെച്ചപ്പെട്ട സുരക്ഷാ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സർക്കാർ നിശ്ചയിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യതയേറുമെന്നും ഇവർ പറയുന്നു.