road-01
ഗതാഗത യോഗ്യമല്ലാതായ ശങ്കരമംഗലം - ചെമ്മാന്തറ കടവ് റോഡ്

അശാസ്ത്രീയ ഓട നിർമ്മാണം വിനയാകുന്നു

ചവറ: ചവറ പഞ്ചായത്തിലെ ശങ്കരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് തെക്കു വശത്തു കൂടി കടന്നു പോകുന്ന ചെമ്മാന്തറക്കടവ് വരെയുള്ള റോഡ് തകർന്നിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാരുടെ ആക്ഷേപം. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ശങ്കരമംഗലത്തുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജ്, ബ്ലോക്ക് ഓഫീസ്, കോടതി, പൊലീസ് സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ, സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസ്, കാമൻകുളങ്ങര ക്ഷേത്രം, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്കെത്താൻ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്നത് ശങ്കരമംഗലം - ചെമ്മാന്തറ കടവ് റോഡിനെയാണ്. മഴക്കാലമായാൽ വെള്ളം കെട്ടിക്കിടക്കുന്ന റോഡിൽ ബൈക്ക് - സൈക്കിൾ യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ച്ചയാണ്.

ഓടയ്ക്ക് കവർ സ്ളാബ് ഇല്ല

റോഡിന് സമീപത്തെ ഏതാനും വീടുകളുടെ മുൻഭാഗത്തു മാത്രമാണ് ഓടയ്ക്ക് കവർ സ്ളാബ് ഇട്ടിട്ടുള്ളത്. ബാക്കി ഭാഗങ്ങൾ കാടുകയറികിടക്കുകയാണ്. മഴക്കാലത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് പണം അനുവദിച്ചാൽ പോലും അധികൃതർ അത് ശരിയായി വിനിയോഗിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. പൊട്ടിപ്പൊളിഞ്ഞ് വീതി കുറഞ്ഞ റോഡും തകർന്ന ഓടകളുമാണ് ഇതുവഴിയുള്ള ഗതാഗതം ദുഷ്ക്കരമാക്കുന്നത്.

കോൺക്രീറ്റ് ഓട

3 മീറ്റർ മാത്രം വീതിയുള്ള റോഡിന്റെ കുറച്ചു ഭാഗത്ത് കവർ സ്ളാബ് ഇല്ലാതെ പുതിയ കോൺക്രീറ്റ് ഓട നിർമ്മിക്കുകയാണ്.
2019 ഒക്ടോബറിൽ ലോഡുമായി വന്ന ടോറസ് ലോറി ഈ റോഡിലെ രാമേഴത്തു ക്ഷേത്രത്തിനു സമീപമുള്ള ഓടയിൽ വീണിരുന്നു. രണ്ടു ദിവസങ്ങൾക്കു ശേഷം ക്രയിൻ ഉപയോഗിച്ച് ലോറി മാറ്റുന്നതിനിടെ കവർ സ്ളാബ് ഇല്ലാത്ത ഓട പൊട്ടിയിരുന്നു. തുടർന്ന് വെള്ളത്തിന്റെ ഒഴുക്കിന് തടസമുണ്ടാവുകയും ചെയ്തു.

മഴക്കാലമായാൽ വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണം.

പ്രദേശവാസികൾ