കൊല്ലം: യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പള്ളിമുക്ക് ഷാനൂർ മൻസിലിൽ ബിനോയ് ഷാനൂർ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി.
പള്ളിമുക്ക് പോസ്റ്റ് ഓഫീസിന് സമീപം തേജസ് നഗർ 152, നെടിയവിള വീട്ടിൽ നൗഫാ കോയ തങ്ങളുടെ വീട്ടുവളപ്പിൽ നിറുത്തിയിട്ടിരുന്ന എയ്സ് വാഹനം, സമീപത്തെ ബിനോയ് ഷാനൂറിന്റെ വീട്ടിലെ ഗോഡൗൺ എന്നിവിടങ്ങളിൽ നിന്നാണ് സിറ്റി പൊലീസ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പരിശോധനയിൽ 24 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 60,000 പായ്ക്കറ്റ് വിവിധയിനം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. ബിനോയ് ഷാനൂറിന്റെ ഉടമസ്ഥതയിലുള്ളതാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് പൊതുവിപണയിൽ 20 ലക്ഷത്തോളം രൂപ വില മതിക്കും. ബിനോയ് ഷാനൂറിനും കൂട്ടാളിക്കുമെതിരെ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരവിപുരം സി.ഐ കെ.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ബിനോയ് ഷാനൂർ നടത്തുന്ന സവാള കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുവെന്ന രഹസ്യ വിവരം സിറ്റി ഷാഡോ പൊലീസ് സംഘത്തിനാണ് ലഭിച്ചത്. ഷാഡോ പൊലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തി വിവരം ശരിയാണെന്ന് ഉറപ്പിച്ച ശേഷമാണ് ഇരവിപുരം പൊലീസ് പരിശോധനയിലേക്ക് കടന്നത്.