photo
അറവ് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന വിജയൻ ബീച്ചിന് തെക്കുവശമുള്ള പുരയിടം

കരുനാഗപ്പള്ളി: മതിൽകെട്ടി ബന്തവസാക്കിയ വസ്തുവിൽ അറവ് മാലിന്യങ്ങൾ നിക്ഷേപിക്കന്നതായി പരാതി. ആലുംകടവ് ആലപ്പാട് മണ്ണേൽക്കടവ് പാലത്തിന് സമീപമുള്ള വസ്തുവിലാണ് രാത്രിയുടെ മറവിൽ അറവ് - ജൈവ മാലിന്യങ്ങൾ വലിച്ചെറിയുന്നത്. വസ്തു കാടുനിറഞ്ഞ് കിടക്കുന്നതിനാൽ മാലിന്യം നിക്ഷേപം ആരുടെയും ശ്രദ്ധയിൽപ്പെടില്ല. എന്നാൽ ഇതിൽ നിന്ന് കടുത്ത ദുർഗന്ധം ഉയരുമ്പോഴാണ് നാട്ടുകാർ വലയുന്നത്.

ടി.എസ് കനാലിന് സമീപമുള്ള വസ്തുവിൽ വള്ളങ്ങളിൽ കൊണ്ട് വന്നും മാലിന്യം നിക്ഷേപിക്കാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. രാത്രിയിൽ ചാക്കിൽ കെട്ടി ചെറുവാഹനങ്ങളിൽ കൊണ്ടുവരുന്ന അറവ് മാലിന്യങ്ങൾ ആലുംകടവിന് വടക്കുഭാഗത്തു കൂടിയുള്ള ഗ്രാമീണ റോഡിലൂടെയാണ് ഇവിടേക്ക് എത്തിക്കുന്നത്. ജനവാസം കുറവായതിനാൽ ഇത് ആരുടെയും ശ്രദ്ധയിൽപ്പെടാറുമില്ല. കുപ്രസിദ്ധമായ വിജയൻ ബീച്ചിന് സമീപത്താണ് കാട് പിടിച്ച് കിടക്കുന്ന ഈ പുരയിടം.

തെരുവുനായ ശല്യവും രൂക്ഷം

പൊളിഞ്ഞുകിടക്കുന്ന മതിലിന്റെ വിടവിലൂടെ തെരുവ് നായ്ക്കൾ വസ്തുവിൽ പ്രവേശിച്ച് മാലിന്യങ്ങൾ കടിച്ചെടുത്ത് റോ‌ഡിൽ കൊണ്ടുടുന്നതും നാട്ടുകാർക്ക് വിനയാകുന്നു. മാലിന്യങ്ങൾ ആഹാരമാക്കാനെത്തുന്ന നായ്ക്കൾ നാട്ടുകാർക്കും ഭീഷണിയാണ്. കൂട്ടത്തോടെ എത്തുന്ന ഇവ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കാറുണ്ട്. നായ്ക്കളെ അമർച്ച ചെയ്യാൻ നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.