photo
കൊട്ടാരക്കരയിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പവർഹൗസ് ഫിറ്റ്നസ് ജിംനേഷ്യം

കൊട്ടാരക്കര: കൊട്ടാരക്കരയിൽ അത്യാധുനിക സംവിധാനങ്ങോടെയുള്ള പവർഹൗസ് ഫിറ്റ്നസ് ജിംനേഷ്യം ഇന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കൊട്ടാരക്കര ചന്തമുക്കിൽ പ്രസ് ക്ളബ് മൈതാനത്തിന് സമീപത്തായി ഗ്രൗണ്ട് ഫ്ളോറിൽ 8000 ചതുരശ്ര അടി വിസ്തീർണമുള്ള ജിംനേഷ്യമാണ് ആരംഭിക്കുന്നത്. ഇറക്കുമതി ചെയ്ത 60 ഇനത്തിലുള്ള വ്യായാമ ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഒരു സമയം 75 പേർക്കാണ് പരിശീലനം നടത്താൻ കഴിയുക. മൂന്ന് വനിതകൾ ഉൾപ്പടെ എട്ട് വിദഗ്ദധ പരിശീലകരുണ്ടാകും.

ബോഡി ബിൽഡിംഗ് എന്നതിനപ്പുറം ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകരായ ശ്രീവിനായക ഗ്രൂപ്പ് ഭാരവാഹികൾ പറഞ്ഞു. പുതുതായി എത്തുന്നവരുടെ ശരീര പരിശോധന നടത്തിയിട്ടാണ് ഏതൊക്കെ മെഷീനുകളിൽ പരിശീലനം വേണമെന്ന് നിശ്ചയിക്കുക. പ്രായ വ്യത്യാസമില്ലാതെ പരിശീലനം നടത്തുന്നതിനുള്ള സൗകര്യങ്ങളുണ്ട്. രാവിലെ 5 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. ഇതിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുള്ളു. റണ്ണിംഗ് ട്രാക്ക്, സുംബ ഡാൻസ്, പരമ്പരാഗത വ്യായാമ മുറകൾ, സ്പാ എന്നിവയും അനുബന്ധമായി ഏർപ്പെടുത്തിയിട്ടുണ്ട്.

ഒന്നര കോടി രൂപ മുടക്കി സജ്ജമാക്കിയ ജിംനേഷ്യം ഇന്ന് വൈകിട്ട് 5ന് പി.ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടൻമാരായ നരേൻ, രാജീവ് പിള്ള, നഗരസഭാ ചെയർപേഴ്സൺ ശ്യാമളഅമ്മ, വൈസ് ചെയർമാൻ ഡി. രാമകൃഷ്ണപിള്ള, നഗരസഭാ കൗൺസിലർമാരായ എസ്.ആർ. രമേഷ്, ഉണ്ണിക്കൃഷ്ണമേനോൻ, സി. മുകേഷ്, എ. ഷാജു, ബി.ജെ.പി മണ്ഡലം സെക്രട്ടറി കെ.ആർ. രാധാകൃഷ്ണൻ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഒ. രാജൻ, ഹരികുമാർ എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ഡയറക്ടർ എസ്. ശരത് കുമാർ, മിഥുൻലാൽ, ജോബിഷ് ജോഷി എന്നിവർ പങ്കെടുത്തു. ഫോൺ: 8086250000