കൊട്ടാരക്കര: കൊട്ടാരക്കരയിൽ വാടക വീട്ടിൽ പാചക വാതക സിലിണ്ടർ സൂക്ഷിച്ച് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ പ്രതി 22 സിലിണ്ടറുകളടക്കം പൊലീസിന്റെ പിടിയിലായി. മൈലം മുട്ടമ്പലം ശൈലജാ മന്ദിരത്തിൽ വാടകയ്ക്ക് താമസിക്കുന്ന ബോസ് ലാലിനെയാണ് (31) കൊട്ടാരക്കര എസ്.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പി ഹരിശങ്കറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വാടക വീടിന്റെ മുൻവശത്തായി പ്രത്യേക ഷെഡ് തയ്യാറാക്കിയാണ് ഒന്നരവർഷമായി ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്തിരുന്നത്. ഇവിടെ നിന്ന് ഗ്യാസ് നിറച്ച 15 സിലിണ്ടറുകളും 7 കാലി സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്. എച്ച്.പി, സൂര്യ അടക്കം വിവിധ ഗ്യാസ് സിലിണ്ടറുകളാണ് ഇവിടെ നിന്നും വിതരണം ചെയ്തിരുന്നത്. ആവശ്യക്കാർ അറിയിച്ചാൽ ബുക്ക് ചെയ്യുകയോ ഊഴം കാത്തിരിക്കുകയോ വേണ്ട. സാധാരണയിൽ കൂടുതൽ പണം വാങ്ങും. ഗ്യാസ് വിതരണം ചെയ്യുന്നതിന് വേണ്ട അനുമതി ഇല്ലാതെയാണ് ഇത്രകാലവും ബോസ് ലാൽ അനധികൃത ഏജൻസി നടത്തിവന്നത്. എക്സ്പ്ളോസീവ് ആക്ട് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.