fire
നിയമലംഘനം നടത്തിയ 313 വാഹനങ്ങൾക്ക് 3.49 ലക്ഷം പിഴ

 മോട്ടോർ വാഹന വകുപ്പാണ് പരിശോധന നടത്തി നടപടിയെടുത്തത്

കൊല്ലം: സേഫ് കേരള എൻഫോഴ്സ്‌മെന്റ് വിഭാഗം കൊല്ലം താലൂക്കിലെ എട്ടിടങ്ങളിൽ ഒരേ സമയം നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 313 വാഹനങ്ങളിൽ നിന്ന് 3,48,500 രൂപ പിഴയായി ഈടാക്കി. കൊട്ടിയം, അഞ്ചാലുംമൂട് ഉൾപ്പെടെ എട്ടിടങ്ങളിൽ ആധുനിക ഇന്റർസെപ്‌റ്റർ ഉൾപ്പടെ എട്ട് സ്‌ക്വാഡ് വാഹനങ്ങളും 30 ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരുന്നു പരിശോധന.

3.49 ലക്ഷം പിഴ കിട്ടിയ വഴി

ഫിറ്റ്നസ് ഇല്ലാത്ത 11 വാഹനങ്ങൾ

ടാക്‌സ് അടയ്ക്കാത്ത 12 വാഹനങ്ങൾ

 ഹെൽമറ്റ് ധരിക്കാത്ത 130 പേർ

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 20 പേർ

സീറ്റ് ബൽറ്റ് ധരിക്കാത്ത 38 പേർ

എയർഹോൺ ഘടിപ്പിച്ച് സർവീസ് നടത്തിയ 28 വാഹനങ്ങൾ പിടികൂടി.


 ഇന്റർസെപ്ടറിന്റെ പിടി വീണാൽ...

കൊട്ടിയം ജംഗ്ഷനിൽ പരിശോധനയ്‌ക്കിറങ്ങിയ ഇന്റർസെപ്റ്റർ വാഹനമാണ് 1,15,000 രൂപ പിഴ ഈടാക്കിയത്. ശാസ്ത്രീയ മാർഗത്തിലൂടെ നിയമലംഘനം കണ്ടെത്താനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.


ലേസർ ബേസ്ഡ് സ്‌പീഡ് റഡാർ സംവിധാനം

പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്‌സ്‌മീറ്റർ

 ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ് മീറ്റർ

ശബ്‌ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവൽ

 മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കഴിയുന്ന അഞ്ച് മെഗാ പിക്‌സൽ കാമറയോട് കൂടിയ ആൽക്കോ മീറ്റർ

നമ്പർപ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന ഉപകരണം

 പരിസര നിരീക്ഷണത്തിനുള്ള സർവെയ്ലൻസ് കാമറ

വരും ദിവസങ്ങളിലും പരിശോധന തുടരും. നിയമ ലംഘനം നടത്തുന്നവരെ പിടികൂടും.

ഡി. മഹേഷ്

എൻഫോഴ്സ്‌മെൻറ് ആർ.ടി.ഒ