കോട്ടയം: ഒപ്പം താമസിച്ചിരുന്ന പെയിന്റിംഗ് തൊഴിലാളിയെ ബിയർ കുപ്പികൊണ്ടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പിറവന്തൂർ സ്വദേശിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.
ഇടുക്കി ഉപ്പുതറ മാട്ടുത്താവളം കരിയിൽ കൊരട്ടിയിൽ അനീഷിനെ (32) കൊലപ്പെടുത്തിയ കേസിൽ പിറവന്തൂർ രജീഷ് ഭവനിൽ സജുവിനെയാണ് (40) അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴത്തുക അനീഷിന്റെ ആശ്രിതർക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
കഞ്ഞിക്കുഴി കാച്ചുവേലിക്കുന്നിലെ വാടക വീട്ടിൽ 2018 ജനുവരി ആറിനു രാത്രി 11.45 നായിരുന്നു സംഭവം. പെയിന്റിംഗ് കരാറെടുത്തു ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തി ഒന്നിച്ചിരുന്നു മദ്യപിച്ചു. ഇതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് അനീഷിനെ സജു ബിയർ കുപ്പിക്ക് തലയ്‌ക്കടിക്കുകയായിരുന്നു.