photo

കൊല്ലം: നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ ചാർജ്ജ് നിർബന്ധമാക്കാനുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം വൈകരുതെന്ന് യാത്രക്കാർ ആവശ്യപ്പെടുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ഓട്ടോറിക്ഷാ തൊഴിലാളികൾക്ക്. മിനിമം ചാർജ് 25 രൂപയിൽ നിന്ന് വർദ്ധിപ്പിക്കാതെ മീറ്റർ നിർബന്ധമാക്കിയാൽ നിത്യവൃത്തി നടന്നുപോകില്ലെന്നാണ് തൊഴിലാളികളിൽ പലരുടെയും നിലപാട്. ഓട്ടോ വാടകയും പെട്രോൾ - ഡീസൽ ചാർജ്ജും കഴിഞ്ഞ് ലഭിക്കുന്ന മിച്ചം പലപ്പോഴും കുറവാണ്. നഗരത്തിലെ ഓട്ടോ റിക്ഷകളുടെയും സ്റ്റാൻഡുകളുടെയും എണ്ണം കൂടിയപ്പോൾ ഒരു മണിക്കൂർ കൂടുമ്പോഴേ ഓട്ടം കിട്ടാറുള്ളുവെന്നാണ് തൊഴിലാളികളുടെ പക്ഷം. നിരക്ക് വർദ്ധന നടപ്പാക്കാതെ മീറ്റർ ചാർജ്ജിലേക്ക് കടന്നാൽ നഷ്ടക്കണക്ക് വർദ്ധിക്കുമെന്നാണ് ഇവരുടെ നിലപാട്.

അമിത ചാർജ്ജ് ഈടാക്കുന്ന ഓട്ടോകളുടെ എണ്ണം കൂടുതലാണെന്നും അവരെ നിലയ്ക്ക് നിറുത്താൻ ഏകീകൃത ചാർജ്ജ് അനിവാര്യമാണെന്നുമാണ് യാത്രക്കാരുടെ പൊതുനിലപാട്. മീറ്റർ ചാർജ്ജ് നിരന്തരം അട്ടിമറിക്കുന്ന നഗരത്തിലെ സർക്കാർ സംവിധാനങ്ങൾ ഇത്തവണ പൊതുജനത്തിന്റെ വികാരം ഉൾക്കൊള്ളണമെന്നും ഇവർ ആവശ്യപ്പെടുന്നു.

 ഓട്ടോറിക്ഷാ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും പറയാനുള്ളത്.....

 മീറ്റർ നിർബന്ധമാക്കുന്നതിൽ നിന്ന് കൊല്ലത്തിന് മാറി നിൽക്കാനാകില്ല. പക്ഷേ നിലവിലുള്ള നിരക്കിൽ മീറ്റർ ചാർജ്ജ് കൊണ്ട് മാത്രം കഴിഞ്ഞ് പോകാനാകില്ല. തൊഴിലാളികളുടെ ബുദ്ധിമുട്ട് കൂടി മനസിലാക്കണം.

സുനിൽ കണ്ണൻ, എ.ആർ ക്യാമ്പ് സ്റ്റാൻഡിലെ തൊഴിലാളി

 പെട്രോൾ വില വർദ്ധിക്കുകയാണ്. മിനിമം നിരക്ക് വർദ്ധിപ്പിക്കാൻ തയ്യാറാകണം. റിട്ടേൺ ഓട്ടം മിക്കപ്പോഴും കിട്ടാറില്ല. ഒരു ഓട്ടോറിക്ഷ ഒരു കുടുംബമാണ്. തീരുമാനങ്ങളിൽ അത് കൂടി പരിഗണിക്കണം.

ടി. സുനിൽകുമാർ

കോളേജ് ജംഗ്ഷൻ സ്റ്റാൻഡിലെ തൊഴിലാളി

 മിനിമം ചാർജ് വർദ്ധിപ്പിക്കാതെ മീറ്റർ നിർബന്ധമാക്കിയാൽ തൊഴിലാളികൾ വലയും. റിട്ടേൺ ഓട്ടം കിട്ടാറില്ല. സ്റ്റാൻഡ് പെർമ്മിറ്റ് ഇല്ലാതായാലും തൊഴിലാളികൾക്ക് ഗുണം കിട്ടില്ല. ഓട്ടോകളുടെ എണ്ണം നഗരത്തിൽ കൂടുതലാണ്

ശരത് രാജ് , ജവഹർ ജംഗ്ഷൻ സ്റ്റാൻഡിലെ തൊഴിലാളി

 മീറ്റർ ചാർജ് നിർബന്ധമാക്കേണ്ടത് അനിവാര്യമാണ്. ഓട്ടോ യാത്രകൾക്ക് ഏകീകൃത നിരക്ക് വേണം. ഒരേ ദൂരത്തിലേക്ക് പല നിരക്ക് ഈടാക്കുന്ന സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

കൃഷ്ണേന്ദു സച്ചു, മുണ്ടയ്‌ക്കൽ സ്വദേശി

 മീറ്റർ ചാർജ് നടപ്പാക്കണം. അമിത നിരക്ക് ഈടാക്കുന്നത് അംഗീകരിക്കാനാകില്ല. പുറത്ത് നിന്ന് പരീക്ഷയ്ക്കും മറ്റാവശ്യങ്ങൾക്കുമായി നഗരത്തിലെത്തുന്നവർ അമിത നിരക്കിൽ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. അതൊക്കെ ഒഴിവാകണം.

സന്തോഷ് ലാൽ, വ്യാപാരി, കർബല

 എസ്.എൻ വനിതാ കോളേജിലേക്ക് ഓട്ടോറിക്ഷ വിളിച്ചുവരുന്ന കുട്ടികളിൽ നിന്ന് പലപ്പോഴും ഒരേ ദൂരത്തിന് പല നിരക്കാണ് ഈടാക്കുന്നത്. അത് അംഗീകരിക്കാൻ കഴിയുന്നതല്ല. മീറ്റർ നിർബന്ധമാക്കിയാൽ തർക്കങ്ങളും അമിത നിരക്കും ഒഴിവാകും .

എസ്. സുമി

മുൻ ചെയർപേഴ്സൺ, എസ്.എൻ വനിതാ കോളേജ്