ചാത്തന്നൂർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഏറ്റവും വലിയ സ്വപ്നം സ്വതന്ത്ര ഇന്ത്യയുടെ ഓരോ ഗ്രാമവും സ്വയം പര്യാപ്തമാവുക എന്നതായിരുന്നുവെന്ന് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പറഞ്ഞു. മുൻ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സുഗതന്റെ സ്മരണയ്ക്കായി ആത്മമിത്രങ്ങളായ ഫ്രണ്ട്‌സ് മുക്കട' ഏർപ്പെടുത്തിയ പാരിപ്പള്ളി സംസ്കാരയുടെ ആർ. സുഗതൻ സ്മാരക എവർറോളിംഗ് ട്രോഫികൾ ജേതാക്കൾക്ക് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയൻ ദർശനമായ ഗ്രാമസ്വരാജ് വിദേശരാജ്യങ്ങളിൽ ഫലപ്രദമായി നടപ്പിലാക്കുന്നു. അധികാരം ദുരുപയോഗം ചെയ്യപ്പെടുന്ന വേളയിൽ അതിനെ ചെറുക്കുവാനുള്ള ശേഷി സ്ത്രീകൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും നിർദ്ധനർക്കും ലഭിക്കുമെന്നതാണ് ഗ്രാമസ്വരാജിന്റെ നേട്ടം. ഭക്ഷണം, വസ്ത്രം, ശുദ്ധജലം, ശുചിത്വം, പാർപ്പിടം വിദ്യാഭ്യാസം എന്നിവയെല്ലാം സ്വയം നിറവേറ്റാൻ പര്യാപ്തമാകും വിധം ഓരോ ഗ്രാമവും സമ്പന്നമാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരങ്ങൾ നെടുമ്പന ഗ്രാമപഞ്ചായത്തിന് വേണ്ടി വൈസ് പ്രസിഡന്റ് എൽ. അനിതയും പൂതക്കുളം ഗ്രാമപഞ്ചായത്തിന് വേണ്ടി വൈസ് പ്രസിഡന്റ് ജയയും ചെമ്മരുതി ഗ്രാമപഞ്ചായത്തിന് വേണ്ടി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയസിംഹനും ഏറ്റുവാങ്ങി. നിർദ്ധനരായ രണ്ട് രോഗികൾക്ക് 'സംസ്കാര സ്നേഹസ്പർശം' ചികിത്സാസഹായവും 7 വിദ്യാർത്ഥികൾക്ക് പഠനസഹായവും ചടങ്ങിൽ കൈമാറി.
സംസ്കാര പ്രസിഡന്റ് കെ. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രവീൺകുമാർ സ്വാഗതവും ട്രഷറർ എസ്. ശ്രീലാൽ നന്ദിയും പറഞ്ഞു.