കൊല്ലം: ആശ്രാമം മൈതാനത്തെ അനധികൃത നിർമ്മാണങ്ങൾ സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ റവന്യു മന്ത്റി ഇ. ചന്ദ്രശേഖരൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവർത്തകരായ പ്രൊഫ. എൻ. രവി, ഡോ. കെ.കെ അപ്പുക്കുട്ടൻ, വി. കെ. മധുസൂദനൻ എന്നിവർ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. തദ്ദേശഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും ആശ്രാമത്തും പരിസരത്തും നടത്തിവരുന്ന നിർമ്മാണ പ്രവർത്തനങ്ങളും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്റി നിർദ്ദേശിച്ചു.
മൈതാനം സംരക്ഷിക്കാൻ നിരവധി ഉത്തരവുകളും ഹൈക്കോടതി വിധികളും നിലവിലുള്ളപ്പോൾ തന്നെയാണ് വ്യാപകമായ തരത്തിൽ ആശ്രാമത്ത് നിർമ്മാണ പ്രവർത്തനങ്ങൾ അധികൃതരുടെ അനുമതിയോടെയും അല്ലാതെയും നടക്കുന്നത്.
#ജൈവവൈവിദ്ധ്യ പൈതൃക കേന്ദ്രം
ദേശീയ ജൈവ വൈവിദ്ധ്യ ആക്ട് പ്രകാരം ആശ്രാമത്തെ സംസ്ഥാനത്തെ ആദ്യ ജൈവവൈവിദ്ധ്യ പൈതൃക കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2018ലെ തീരദേശ നിയന്ത്റണ നിയമത്തിന്റെ പരിധിയിൽ വരുന്ന പ്രദേശവും ഇതിലുൾപ്പെടുന്നു.
# കോടതി വിധികൾ
ആശ്രാമം കണ്ടൽവനത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി പ്രസ്താവിച്ച വിധി നിലവിലുണ്ട്. റസിഡൻസി റോഡിലെ വൃക്ഷങ്ങൾ മുറിച്ചുമാറ്റിയതിന് പകരം മൈതാനത്തിന് ചുറ്റും വൃക്ഷങ്ങൾ നട്ടുവളർത്തണമെന്ന മറ്റൊരു ഹൈക്കോടതി വിധിയും പ്രാബല്യത്തിലുണ്ട്.
# നിർമ്മാണങ്ങൾ ദ്രുതഗതിയിൽ
മൈതാനത്തിന് ചുറ്റും ഡസൻകണക്കിന് വ്യാപാര സ്ഥാപനങ്ങളുടെ നിർമ്മാണം നടക്കുകയാണ്. റസിഡൻസി ഗ്രൗണ്ടിൽ കൺവെൻഷൻ സെന്ററും മറ്റു പല ഭാഗങ്ങളിലായി ഓഫീസ് സമുച്ചയങ്ങളും ഈ പ്രദേശത്ത് നിർമ്മിക്കാൻ നീക്കം നടക്കുന്നുണ്ട്. ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ ആശ്രാമം മൈതാനത്തെയും റസിഡൻസി ഗ്രൗണ്ടിനെയും ഇല്ലാതാക്കും.
# ദുരന്ത രക്ഷാകേന്ദ്രം
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അപ്രതീക്ഷിത ദുരിതങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, പതിനായിരക്കണക്കിന് ആളുകൾക്ക് രക്ഷാകേന്ദ്രമൊരുക്കുക, ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണവും കുടിവെള്ളവും ഹെലികോപ്ടറുകളിലെത്തിക്കുക തുടങ്ങിയ ദുരന്തനിവാരണ ദൗത്യങ്ങൾക്കുവേണ്ടി സംരക്ഷിക്കേണ്ട പ്രദേശമാണ് കോൺക്രീറ്റ് നിർമ്മിതികളാൽ വികലമാക്കാൻ പോകുന്നത്.
# ചരിത്രത്തിലെ വിമാനത്താവളം
തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിലെ ഏക വിമാനത്താവളമായിരുന്നു ആശ്രാമത്ത് 1920ൽ നിർമ്മിച്ചത്. 1932ൽ തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമായതോടെ ഇവിടം ആശ്രാമം മൈതാനമെന്ന് അറിയപ്പെട്ടു. യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്താതെ ഒരു നൂറ്റാണ്ടുകാലം സംരക്ഷിക്കപ്പെട്ട ഇവിടെയാണ് നൂറ് വർഷം തികയുന്ന 2020ൽ ഡസൻ കണക്കിന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
# വിസ്തൃതി
റസിഡൻസി ബംഗ്ലാവും കുട്ടികളുടെ പാർക്കും ഉൾപ്പെടെ 16.43 ഹെക്ടറും, ആശ്രാമം മൈതാനം 21.5 ഹെക്ടറും ഉള്ളതായി റവന്യൂ രേഖകളിൽ പറയുന്നു.