കൊല്ലം: ചട്ടമ്പിസ്വാമികളെയും ശ്രീനാരായണഗുരുവിനെയും വക്കം മൗലവിയെയും ചാവറ അച്ചനെയും പോലെ തങ്ങൾകുഞ്ഞ് മുസലിയാരും ആധുനിക കേരളത്തിന്റെ ശില്പികളിലൊരാളാണെന്ന് ശശി തരൂർ എം.പി.പറഞ്ഞു. ടി.കെ.എം. എൻജിനിയറിംഗ് കോളജിൽ തങ്ങൾകുഞ്ഞ് മുസലിയാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക സൂചകങ്ങൾ ലോകോത്തരമാക്കിയതിൽ തങ്ങൾകുഞ്ഞ് മുസലിയാരുടെ പങ്ക് പ്രത്യേക പരാമർശം അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.എം ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഷഹാൽ ഹസൻ മുസലിയാർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ടി.കെ.ജലാലുദ്ദീൻ മുസലിയാർ, എ.പി.ജെ.അബ്ദുൽകലാം സാങ്കേതിക സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.എസ്.അയൂബ്, ഡോ.മുഹമ്മദ് ഹാറൂൺ തുടങ്ങിയവർ സംസാരിച്ചു.
മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഫാത്തിമാ ബീവി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സ്മാർട്ട് എൻജിനീയറിംഗ് ആന്റ് ഡിസൈൻ സൊലൂഷൻസ് പ്രസിഡന്റ് ആന്റണി പ്രിൻസ്, ഷമാർ സസ്റ്റെയ്‌നബിൾ സൊലൂഷൻസ് ഡയറക്ടർ എ. ലൂക്ക് എന്നിവർക്ക് ടി.കെ.എം. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരങ്ങൾ ശശിതരൂർ എം.പി. സമ്മാനിച്ചു. ഗ്ലോബൽ അലുമ്‌നി യു.എ.ഇ. ചാപ്റ്റർ നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ഷാഹിബയുടെ കുടുംബത്തിന് അദ്ദേഹം കൈമാറി.