പുനർനിർമ്മാണം മുടങ്ങിയിട്ട് ഒന്നേകാൽ വർഷം
കൊല്ലം: കൊല്ലം തോട് കൈയേറിയെന്ന ആരോപണം മൂലം ഉൾനാടൻ ജലഗതാഗത വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുണ്ടായ തർക്കം പരിഹരിച്ചിട്ട് ആറ് മാസം പിന്നിട്ടിട്ടും കൊല്ലം തോടിന് സമീപത്ത് കൂടിയുള്ള കല്ലുപാലം- കച്ചിക്കടവ് റോഡിന്റെ പുനർനിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ മൂലം ഏതുനിമിഷവും റോഡ് ഒന്നാകെ തോട്ടിൽ പതിക്കുമെന്ന ആശങ്ക ഉയരുകയാണ്. വാഹന യാത്രികരും റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവരും ഭീതിയോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്.
നിർമ്മാണം മുടങ്ങിയത് 2018 ഡിസംബറിൽ
റോഡ് നിർമ്മാണത്തിനായി കൊല്ലം തോടിന്റെ സ്ഥലം കൈയേറിയെന്ന് ആരോപിച്ച് ഉൾനാടൻ ജലഗതാഗത വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയതോടെ 2018 ഡിസംബറിലാണ് നിർമ്മാണം മുടങ്ങിയത്. ഇതോടെ ഇരുവകുപ്പുകളും തമ്മിലുണ്ടായ തർക്കം മാസങ്ങളോളം നീണ്ടു. ഒടുവിൽ കഴിഞ്ഞ ജൂലായിൽ റോഡിനായി കൊല്ലം തോടിന്റെ കരഭാഗം ഉൾനാടൻ ജലഗതാഗത വകുപ്പ് വിട്ടുനൽകിയിട്ടും പുനർനിർമ്മാണം ഇതുവരെയും ആരംഭിച്ചില്ല.
പുതിയ എസ്റ്റിമേറ്റ് 60 കോടി രൂപയുടേത്
കല്ലുപാലം മുതൽ പുല്ലിച്ചിറ വരെയുള്ള 12.66 കിലോമീറ്റർ റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതാണ് പദ്ധതി. അഞ്ച് മീറ്റർ വീതിയിൽ റോഡും ഇരുവശങ്ങളിലും നടപ്പാത സഹിതം ആകെ 9 മീറ്റർ വീതിയിലാണ് വികസനം. ഇതിന് പുറമേ തോടിന്റെ കരയിൽ പാർശ്വഭിത്തി കെട്ടി ബലപ്പെടുത്തൽ കൂടി ഉൾപ്പെട്ടതാണ് പദ്ധതി.
23 കോടി രൂപയുടേതായിരുന്നു ആദ്യ എസ്റ്റിമേറ്റ്. കല്ലുപാലം മുതൽ കൊച്ചുപിലാംമൂട് വരെ, കൊച്ചുപിലാംമൂട് മുതൽ പുല്ലിച്ചിറ വരെ എന്നിങ്ങനെ രണ്ട് റീച്ചുകളായാണ് നിർമ്മാണം. ഇതിൽ കച്ചിക്കടവ് മുതൽ പുല്ലിച്ചിറ വരെയുള്ള ആദ്യഘട്ട ബി.എം ടാറിംഗ് മാത്രമാണ് ഇതുവരെ നടന്നത്. ഉൾനാടൻ ജലഗതാഗത വകുപ്പ് വിട്ടുനൽകിയ കൊല്ലം തോടിന്റെ കര കൂടി പ്രയോജനപ്പെടുത്തി റോഡ് വികസിപ്പിക്കാൻ 60 കോടിയുടെ പുതിയ എസ്റ്റിമേറ്റാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.
'' റോഡ് പുനർനിർമ്മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് കിഫ്ബിയുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.''
നസീം (പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ)
'' മഴ പെയ്താൽ കരയിടിച്ചിൽ വീണ്ടും രൂക്ഷമാകും. ഇപ്പോൾ പൊടിശല്യവും രൂക്ഷമാണ്. എത്രയും വേഗം റോഡ് നിർമ്മാണം പുനരാരംഭിക്കണം.''
വി. വിനോദ് (പ്രദേശവാസി)
റോഡ് വികസനം കല്ലുപാലം മുതൽ പുല്ലിച്ചിറ വരെ
റോഡിന്റെ ആകെ നീളം: 12.66 കി.മീറ്റർ
റോഡിന് 5 മീറ്റർ വീതി, നടപ്പാത സഹിതം 9 മീറ്റർ വീതി
ആദ്യ എസ്റ്റിമേറ്റ്: 23 കോടി
പുതിയ എസ്റ്റിമേറ്റ്: 60 കോടി