പുനലൂർ: പുനലൂർ നഗരമദ്ധ്യത്തിൽ നാല് കോടി രൂപ ചെലവഴിച്ച് എക്സൈസ് കോംപ്ലക്സ് പണിയാൻ ലക്ഷ്യമിട്ട ഭൂമിയിൽ മന്ത്രിമാരായ കെ. രാജു, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. പുനലൂർ ശ്രീരാമപുരം മാർക്കറ്റിന് സമീപത്തെ പഴയ എക്സൈസ് റെയ്ഞ്ച് ഓഫീസ് പ്രവർത്തിക്കുന്ന 58 സെന്റ് ഭൂമിയിലാണ് പുതിയ കോംപ്ലെക്സ് പണിയാൻ ഉദ്ദേശിക്കുന്നത്. ഇതിനായി ഇപ്പോൾ അവതരിപ്പിച്ച ബഡ്ജറ്റിൽ നാല് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുതിയ എക്സൈസ് കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തിയാക്കുമ്പോൾ റെയ്ഞ്ചോഫിസ്, സർക്കിൾ ഓഫീസ് എന്നിവയ്ക്ക് പുറമേ ലഹരി മുക്ത ഓഫീസും ഇവിടെ പ്രവർത്തിപ്പിക്കാനാണ് ആലോചന. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് ജോൺ, അസി. കമ്മിഷണർ താജുദ്ദീൻകുട്ടി, പുനലൂർ നഗരസഭ ചെയർമാൻ കെ. രാജശേഖരൻ, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, എസ്. ബിജു, സി. അജയപ്രസാദ് തുടങ്ങിയ നിരവധി പേർ മന്ത്രിമാർക്കാെപ്പം പരിശോധനയിൽ പങ്കെടുത്തു.