കൊല്ലം: ഉത്‌സവ ഗാനമേളയ്ക്കിടയിൽ നൃത്തംചെയ്ത യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മംഗൾ പാണ്‌ഡെയ്ക്കും (എബിൻ പെരേര) സുഹൃത്തായ ജാക്‌സൺ ഡിക്രൂസിനും ഏഴ് വർഷം കഠിന തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
മുണ്ടയ്ക്കൽ സൗഹൃദ നഗർ എസ്.എസ്.മൻസിലിൽ ശ്യാം, സുഹൃത്തുക്കളായ ശബരിനാഥ്, രാജേഷ്, വിവേക്, ജയചന്ദ്രൻ എന്നിവരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത്താണ് ശിക്ഷ വിധിച്ചത്. 2017 മാർച്ച് രണ്ടിന് രാത്രി മുണ്ടയ്ക്കൽ പുത്തൻനട ഇലഞ്ഞിയ്ക്കൽ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഗാനമേളയ്ക്കിടയിൽ നൃത്തം വച്ച യുവാക്കളെ ജാക്‌സൺ ഡിക്രൂസ് വിലക്കി. എന്നിട്ടും യുവാക്കൾ ഡാൻസ് തുടർന്നു. ഇതോടെ ജാക്സണും മംഗൽ പാണ്ഡെയും ചേർന്ന് വധഭീഷണി മുഴക്കി. പിന്നാലെ ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ മംഗൽ പാണ്ഡെ അഞ്ച് യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് കേസ്. സാക്ഷികൾക്ക് നേരെ ഭീഷണി ഉയർന്നതിനെ തുടർന്ന് അവർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
ഇരവിപുരം എസ്.ഐ ജ്യോതി സുധാകർ രജിസ്റ്റർ ചെയ്ത കേസിൽ സി.ഐയായിരുന്ന ബി.പങ്കജാക്ഷനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.
സി.ഐയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്വാൻ
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മംഗൽ പാണ്ഡെ ഇരവിപുരം സി.ഐയെ വെടിവെച്ച് കൊല്ലുമെന്ന് ഫോണിൽ ഭീഷണി മുഴക്കിയതോടെയാണ് കൂടുതൽ കുപ്രസിദ്ധനായത്. കഴിഞ്ഞ ഒാണക്കാലത്തായിരുന്നു സംഭവം. മാടൻനട സ്വദേശിക്ക് നേരെ മൈക്കിലൂടെ വധ ഭീഷണി മുഴക്കി. തൊട്ടടുത്ത ദിവസം പള്ളിമുക്കിൽ വച്ച് യുവാവിനെ അക്രമിച്ച് പണം തട്ടി. ഈ കേസുകളിൽ ഇരവിപുരം പൊലീസ് മംഗൽപാണ്ഡെയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറുപ്പെടുവിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് സി.ഐയ്ക്ക് നേരെ വധഭീഷണി ഉയർത്തിയത്. പൊലീസ് സംസ്ഥാനത്തിന് പുറത്തും വലവിരിച്ചതോടെ ഒരുമാസക്കാലത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം പാലക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ഒരുമാസമായി ജയിലിൽ
തുടർച്ചയായി കേസുകളിൽ പ്രതിയായതോടെ പൊലീസ് കാപ്പ ചുമത്തിയതിനെ തുടർന്ന് മംഗൽ പാണ്ഡെ കഴിഞ്ഞ ഒരുമാസമായി വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാണ്. ഒരു വർഷം മുൻപ് പൊലീസ് കാപ്പ ചുമത്തിയെങ്കിലും സമീപഭാവിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന സാങ്കേതിക കാരണത്താൽ ഒഴിവായിരുന്നു. സി.ഐയെ ഭീഷണിപ്പെടുത്തിയതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വീണ്ടും കാപ്പ ചുമത്തിയത്. ഇരവിപുരം സ്റ്റേഷനിൽ എട്ടും കൊല്ലം ഈസ്റ്റിൽ മൂന്നും വെസ്റ്റ് സ്റ്റേഷനിൽ ഒരു കേസിലും പ്രതിയാണ് മംഗൽ പാണ്ഡെ.