v
ഹലോ, ജില്ലാ പഞ്ചായത്തല്ലേ... ഹോം നഴ്സിനെ വേണം

കൊല്ലം: കിടപ്പുരോഗികളെയും പ്രായമായവരെയും ശുശ്രൂഷിക്കാൻ വിശ്വസ്‌തരായ ഹോം നഴ്സുമാരെ ആവശ്യമെങ്കിൽ ഇനി കൊല്ലം ജില്ലാ പഞ്ചായത്തിനെ സമീപിക്കാം. അഞ്ച് ലക്ഷം രൂപ മുടക്കി ജില്ലാ പഞ്ചായത്ത് വിദഗ്ദ്ധ പരിശീലനം നൽകിയ 34 വനിതാ ഹോം നഴ്സുമാർ ഇവിടെയുണ്ട്. 12000 രൂപയെങ്കിലും ശമ്പളം നൽകാൻ തയ്യാറായവർക്ക് ഇവരുടെ സേവനം ലഭിക്കും. നൈപുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 30 നും 50 നും ഇടയിൽ പ്രായവും പത്താം ക്ലാസ് യോഗ്യതയുമുള്ളവർക്ക് ജില്ലാ പഞ്ചായത്ത് ഹോം നഴ്സ് പരിശീലനം നൽകിയത്.

കൊല്ലം ജില്ലാ ആശുപത്രിയിലാണ് അഞ്ച് ദിവസത്തെ തിയറി ക്ലാസുകളും പത്ത് ദിവസത്തെ പരിശീലന ക്ലാസുകളും അടങ്ങുന്ന പരിശീലനം 34 അംഗ സംഘം പൂർത്തീകരിച്ചത്. മൂന്ന് പേർ ഇതിനകം ജോലിയിൽ പ്രവേശിച്ചു. പദ്ധതി വിജയമായതോടെ പുരുഷൻമാരെ കൂടി ഉൾപ്പെടുത്തി രണ്ടാം ബാച്ചിന്റെ പരിശീലനം വൈകാതെ ആരംഭിക്കാനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നത്.

ഹോം നഴ്സ് സംവിധാനം

1.പ്രാഥമിക ചികിത്സാ രീതികൾ അടങ്ങുന്ന പരിശീലനം ലഭിച്ചവരാണ് നൈപുണ്യം പദ്ധതിയിലെ ഹോം നഴ്സുമാർ.

2.ഫോട്ടോ, ആധാർ കാർഡ്, പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വെരിഫിക്കേഷൻ റിപ്പോർട്ട് എന്നിവയടക്കം നൽകിയാണ് ഇവർ ജോലിക്കായി ജില്ലാ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നത്.

3.വിശ്വസ്‌തരായ ഹോം നഴ്സിനെ ആവശ്യമുള്ളവർക്ക് ജില്ലാ പഞ്ചായത്തിനെ ബന്ധപ്പെടാം. ഫോൺ: |0474 -2795198

 തർക്കങ്ങൾ തീർക്കാൻ

എത്തിക്കൽ കമ്മിറ്റി

1.ഹോം നഴ്സുമാർ ജോലിയിൽ പ്രവേശിച്ച ശേഷമുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായ എത്തിക്കൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

2.സേവന വേതന സംബന്ധമായത് മാത്രമല്ല, തൊഴിൽ പരമായ എല്ലാ തർക്കങ്ങളും കമ്മിറ്റി പരിഗണിക്കും.

ജോലിയിൽ പ്രവേശിക്കും മുൻപ് ഹോം നഴ്സുമാരും തൊഴിൽ ദാതാവും തമ്മിൽ വ്യക്തമായ കരാർ ഉണ്ടാകും.

3.അഞ്ചാം തീയതിക്കുള്ളിൽ ശമ്പളവും ആഴ്‌ചയിൽ ഒരു ദിവസം ശമ്പളത്തോടെ അവധിയും കരാറിലൂടെ ഉറപ്പ് വരുത്തും.

പരിശീലനം നേടിയവർ: 34

പ്രായം: 30- 50

കുറഞ്ഞ വേതനം: 12000

ആഴ്ചയിൽ ഒരു ദിവസം

വേതനത്തോടെ അവധി

.....................

പദ്ധതി വിജയമായതോടെ പുരുഷൻമാരെ കൂടി ഉൾപ്പെടുത്തി രണ്ടാം ബാച്ചിന്റെ പരിശീലനം വൈകാതെ ആരംഭിക്കും.

കെ.പ്രസാദ്,

കൊല്ലം ജില്ലാ പഞ്ചായത്ത് സെക്രട്ടറി