കൊല്ലം:കൊല്ലം - കൊട്ടാരക്കര - പുനലൂർ - ആര്യങ്കാവ് - പളളിവാസൽ - തിരുമംഗലം 744 ദേശീയപാത നിലവിലെ അലൈൻമെന്റോടുകൂടി വികസിപ്പിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. ജില്ലയിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.എച്ച് 744ന്റെ അലൈൻമെന്റ് കൊല്ലം മുതൽ ഒറ്റക്കൽ വരെ മാറ്റിയാൽ കുണ്ടറ, കൊട്ടാരക്കര, പുനലൂർ, തെന്മല പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയുടെ വികസനം മുരടിക്കും.
എൻ.എച്ച് 744ൽ ചിന്നക്കട മുതൽ ഒറ്റക്കൽ വരെ അർബൻ ലിങ്ക്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തി 24 മീറ്റർ വീതിയിൽ സർവീസ് റോഡില്ലാത്ത നാല് വരിപ്പാത നിർമ്മിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും.
കോട്ടവാസൽ - ഒറ്റക്കൽ - പത്തടി - ചടയമംഗലം - കടമ്പാട്ടുകോണം അലൈന്റ്‌മെന്റോടു കൂടിയ പുതിയ റോഡ് എൻ.എച്ച് 66നെയും നിലവിലുളള എൻ.എച്ച് 744 നെയും ബന്ധിപ്പിക്കുന്ന ദേശീയപാത ലിങ്ക് റോഡായി (എൻ.എച്ച് -744-എ) ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാൻ ദേശീയപാത അതോറിറ്റി, ഉപരിതലഗതാഗത മന്ത്രാലയം, കൺസൾട്ടൻസി എന്നിവരുടെ പ്രത്യേക യോഗം വിളിക്കും.
ദേശീയപാത 744ൽ അമ്പലത്തുംകാല മുതൽ പുനലൂർ വരെയുളള റോഡ് 40 കോടി രൂപ ചെലവിൽ പുനരുദ്ധരിക്കും. ഇതിന്റെ ടെണ്ടർ നടപടി പുരഗോമിക്കുകയാണ്. എൻ.എച്ച് 183ൽ കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷൻ മുതൽ കടപുഴ വരെ 34 കോടി രൂപ ചെലവഴിച്ചും കടപുഴ മുതൽ കൊല്ലകടവ് വരെ 44 കോടി രൂപ ചെലവഴിച്ചും റോഡ് പുനരുദ്ധരിക്കാനുള്ള പ്രവർത്തികളുടെ ടെന്റർ നടപടികൾ പുരോഗമിക്കുകയാണ്.
ബൈപ്പാസിൽ 250 തെരുവുവിളക്കുകൾ സ്ഥാപിച്ചു. അവശേഷിക്കുന്നവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും.
എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ അദ്ധ്യക്ഷതയിൽ കൊല്ലം പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ജില്ലാ
കളക്ടർ അബ്ദുൾ നാസർ, ദിശ പ്രോജക്ട് ഡയറക്ടർ സായൂജ്യ, നാഷണൽ ഹൈവേ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.എ. ജയ, കേന്ദ്ര റോഡ് ഗതാഗതവും ദേശീപാതയും മന്ത്രാലയത്തെ പ്രതിനിധീകരിച്ച് എൻജിനീയർ ധനപാലൻ, ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷീജ തോമസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ ജോൺ കെന്നത്ത്, റോഷ്‌മോൻ, രഞ്ജുബാലൻ, അസിസ്റ്റന്റ് എൻജിനീയർ കീർത്തി, കെൽട്രോണിലെ എൻജിനീയർ ലാൽ.പി. ജോൺ തുടങ്ങി ഉദ്യോഗസ്ഥരും പങ്കെടുത്തു.