കൊല്ലം: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മയ്യനാട് ആശുപത്രി മുക്കിലെ ഡ്രൈവറായ ബിജുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മയ്യനാട് തോപ്പിൽമുക്ക്, വയലിൽ വീട്ടിൽ സജീവിനെ(37) ആണ് കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.
2008 മേയ് 6ന് രാവിലെ 11ന് മയ്യനാട് ആശുപത്രി മുക്കിലായിരുന്നു സംഭവം. സജീവ് ഓട്ടം വിളിച്ചിട്ട് ചെല്ലാത്തതിന്റെ വൈരാഗ്യത്തിൽ വാളുകൊണ്ട് ബിജുവിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടയിൽ ബിജുവിന്റെ കൈപ്പത്തിക്കും വെട്ടേറ്റു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് ആക്രമിച്ചുവെന്നാണ് കേസ്.
കൊട്ടിയം എസ്.ഐ ആയിരുന്ന വി.എസ്. ബിജു രജിസ്റ്റർ ചെയ്ത കേസിൽ പിന്നീടെത്തിയ എസ്.ഐ രാജനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ എ.കെ. മനോജ്, വി. വിനോദ്, പി.ബി. സുനിൽ എന്നിവർ ഹാജരായി.