കുലശേഖരപുരം: കരുനാഗപ്പള്ളിക്ക് അടുത്ത് കുലശേഖരപുരത്ത് മത്സ്യ മൊത്തവ്യാപാരിയുടെ വീട്ടിൽ നിന്ന് അൻപത് പവന്റെ സ്വർണാഭരണങ്ങളും, എഴുപതിനായിരം രൂപയും കവർന്നു.
കുലശേഖരപുരം പുന്നക്കുളം വേണാട്ട് ഹൗസിൽ റഷീദിന്റെ വീട്ടിൽ നിന്നാണ് ഇവ നഷ്ടപ്പെട്ടത്.
റഷീദ് രാത്രി പന്ത്രണ്ട് മണിയോടെ പുതിയകാവിലെ കമ്മിഷൻ കടയിലേക്ക് പോകാറുണ്ട്. പുലർച്ചെ മൂന്ന് മണിയോടെ തിരികെ എത്തിയപ്പോൾ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നു.
മകൾ ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നില്ല.
ഇരുമ്പ് ലിവർ ഉപയോഗിച്ച് പ്രധാന വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ കയറിയത്. മേശ കുത്തിതുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അടുക്കള വാതിലിലൂടെ പുറത്തു കടന്ന് സമീപത്തെ ആളില്ലാത്ത മറ്റൊരു വീട്ടിലും കവർച്ചാശ്രമം നടത്തി. വാതിൽ തകർക്കാൻ ഉപയോഗിച്ച ലിവർ സമീപത്തുനിന്ന് കണ്ടെടുത്തു.
കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി.കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു