കൊല്ലം: കുറ്റവാളികളെ കുടുക്കാൻ സഹായിക്കുന്ന നവീന സാങ്കേതിക വിദ്യയുമായി ടി.കെ.എം. എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും ചേർന്ന് സംഘടിപ്പിച്ച റീബൂട്ട് കേരള ഹാക്കത്തോണിൽ ഇവരുടെ പ്രോജക്ട് ഒന്നാം സ്ഥാനം നേടി. 300 ടീമുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് ടീമുകളാണ് മത്സരിച്ചത്.
കുറ്റവാളികളെ ചോദ്യം ചെയ്യുന്ന അവസരത്തിൽ അവരുടെ മുഖത്ത് പ്രകടമാവുന്ന ഭാവവ്യത്യാസങ്ങളെ ക്യാമറയിൽ പകർത്തിയശേഷം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അപഗ്രഥിക്കുമ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ ശരിയാണോ അല്ലയോ എന്ന് തിരിച്ചറിയാൻ കഴിയുന്നതാണ് ഇവരുടെ പ്രോജക്ട്. നിർമ്മിത ബുദ്ധിയും ന്യൂറോ ലിംഗിസ്റ്റിക് പ്രോഗ്രാമിങ്ങും ഉപയോഗിച്ച് ഇവർ വികസിപ്പിച്ച സാങ്കേതികവിദ്യ കുറ്റാന്വേഷണ രംഗത്ത് പ്രയോജനം ചെയ്യും.
രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് വിദ്യാർത്ഥികളായ എൻ.അംജദ്, അതില റഹീം, ദിൽബർ പി. ഷക്കീർ, കെ.കെ.ഹരിഗോവിന്ദ്, വി.ഐ.സുജിത്, നീലിമാ സജിത് എന്നിവരടങ്ങുന്ന സംഘമാണ് ഇതു വികസിപ്പിച്ചത്. ഫാക്കൽറ്റി മെന്റർ പ്രൊഫ. എ.തുഷാര, കോർഡിനേറ്റർ പ്രൊഫ. എച്ച്.എ. രാബുൽനാഥ്, മെന്റർ ഡി.ആദർശ് എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പായത്.
ഒന്നാം സമ്മാനമായി 50,000 രൂപയ്ക്ക് പുറമേ സാങ്കേതിക വിദ്യ കൂടുതൽ വികസിപ്പിച്ചെടുക്കുന്നതിനുളള സഹായം മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസും വാഗ്ദാനം ചെയ്തു. സംസ്ഥാന ഡി.ജി.പിയുടെ മുന്നിൽ പ്രോജക്റ്റ് അവതരിപ്പിക്കാനുളള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും.