ശാസ്താംകോട്ട : കേരളാകോൺഗ്രസ് (എം)കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. കേരള വാട്ടർ അതോറിറ്റി കുടിശ്ശിക നിവാരണത്തിനായി മാർച്ച് 7 ന് അദാലത്ത് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള അപേക്ഷ ഫെബ്രുവരി 25വരെയാണ് സ്വീകരിക്കുന്നത്. കുടിശ്ശികയടക്കാത്തവരുടെ കണക്ഷൻ കട്ട് ചെയ്യുന്ന നടപടിക്കെതിരെയും ബി.ബി.എൽ കാർഡുകാരുടെ നിറുത്തലാക്കിയ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറും നേതാക്കളുമായി നടത്തിയ ചർച്ചയിൽ അദാലത്തിൽ തീരുമാനമാകുന്നതുവരെ കണക്ഷൻ വിച്ഛേദിക്കുന്നതു നിറുത്തിവയ്ക്കാമെന്നും കണക്ഷൻ വിച്ഛേദിക്കുന്നതിന് മുമ്പ് നോട്ടീസ് നൽകാമെന്നും ധാരണയുണ്ടാക്കി. ബി.പി.എൽ ആനുകൂല്യം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിച്ചത്. ഉഷാലയംശിവരാജൻ, കോട്ടൂർ നൗഷാദ്, സി. ഉഷ ,ഷാജിസാം പാലത്തടം, തോപ്പിൽ നിസാർ, ടി.കെ. ബാബു. വെളിയത്ത് ബാഹുലേയൻ, രാധാകൃഷ്ണകുറുപ്പ്, രാമകൃഷ്ണപിള്ള മാണിക്കൽ, സി.ജി. ബേബി. വിജയമോഹനൻ തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.