കൊല്ലം: ജനങ്ങളെ ദ്രോഹിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രക്ഷോഭ ജ്വാലയുടെ സമാപന സമ്മേളനം കന്റോൺമെന്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ ഭരണമില്ല. നടക്കുന്നത് ഇവന്റ് മാനേജ്മെന്റാണ്. സർക്കാരിനെതിരെ ജനകീയ രോഷം ശക്തമാകുമ്പോൾ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ച് അതിനെ നേരിടുകയാണ്. നോട്ട് നിരോധിച്ചിട്ട് 90 ദിവസം ആവശ്യപ്പെട്ട മോദി പിന്നീട് അതിനെക്കുറിച്ച് മിണ്ടിയില്ല. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും അതി രൂക്ഷമായിരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് പ്രതിസന്ധി നേരിടാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇപ്പോൾ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്.
സംസ്ഥാനത്തും സമാനമായ അവസ്ഥയാണ്. പൊലീസിൽ നിന്നും ജനങ്ങൾക്ക് നീതി ലഭ്യമാകുന്നില്ലെന്ന് മാത്രമല്ല ഉന്നതങ്ങളിൽ അഴിമതി വ്യാപകമായിരിക്കുന്നു. പീഡനങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചു. ക്രമസമാധാനനില ഇത്രയധികം താറുമാറായ സാഹചര്യം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, വൈസ് പ്രസിഡന്റുമാരായ മോഹൻശങ്കർ, എഴുകോൺ നാരായണൻ, ജനറൽ സെക്രട്ടറിമാരായ എ. ഷാനവാസ് ഖാൻ, എം.എം.നസീർ, സി.ആർ. മഹേഷ്, ചാമക്കാല ജ്യോതികുമാർ, ജി. രാജേന്ദ്ര പ്രസാദ്, ജി. രതികുമാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ, എൻ. അഴകേശൻ, ഭാരതീപുരം ശശി, ജി. പ്രതാപവർമ്മ തമ്പാൻ, കെ. സുരേഷ് ബാബു, എ.കെ.ഹഫീസ്, ഇ. മേരിദാസൻ, സി.ആർ. നജീബ് തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി കൊല്ലം റസ്റ്റ് ഹൗസിന് മുന്നിൽ നിന്നും ആരംഭിച്ച റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു.