school
സമഗ്രശിക്ഷ കേരളം സർഗ്ഗ വിദ്യാലയ പദ്ധതിയുടെ ജില്ലാതല സെമിനാർ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: സമഗ്രശിക്ഷാ കേരളം സർഗവിദ്യാലയ പദ്ധതിയുടെ ജില്ലാതല സെമിനാറിന്റെ ഉദ്ഘാടനം ചാത്തന്നൂർ ഗവ. എൽ.പി.എസിൽ ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സർവശിക്ഷാ അഭിയാൻ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖ വേണുഗോപാൽ പദ്ധതി റിപ്പോർട്ടിന്റെ പ്രകാശനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, എ. ഷറഫുദ്ദീൻ,​ ബി. രാധാകൃഷ്ണൻ ഉണ്ണിത്താൻ, ആർ.എസ്. ജയലക്ഷ്മി, എ. സുരേഷ്, ജി. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഡയറ്റ് കൊല്ലം റിട്ട. പ്രിൻസിപ്പൽ ഡോ. ആർ. പ്രസന്നകുമാരൻ പിള്ള സെമിനാർ നയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നൂതനാശയ വിദ്യാഭ്യാസ പരിപാടിയാണ് സർഗവിദ്യാലയം. ജില്ലയിലെ 23 വിദ്യാലയങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.