പാരിപ്പള്ളി: തന്റെ പിറന്നാൾ ആഘോഷിക്കാനെത്തി മരണത്തിനു കീഴടങ്ങിയ ജിജുതോമസിനെ പൊന്നുമ്മ നൽകി ജോഅന്ന യാത്രയാക്കി. വേളാങ്കണ്ണിയാത്ര കഴിഞ്ഞു മടങ്ങിവരവേ തിങ്കളാഴ്ച തെങ്കാശിയിൽ വച്ച് ബസിടിച്ചായിരുന്നു അന്ത്യം. ജിജുവിന്റെ ഒരു വയസുള്ള മകൾ ജോഅന്ന ജിജുവിന്റെ പിതാവിന്റെ കൈയിൽ ഇരുന്ന് ജിജുവിന് അന്ത്യചുംബനം നൽകിയത് കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി. ജോഅന്നയുടെ ജന്മദിനം ആഘോഷിക്കാനും വേളാങ്കണ്ണി മാതാവിനുള്ള വഴിപാട് അർപ്പിക്കാനുമാണ് ജിജുതോമസ് വിദേശത്ത് നിന്നും കഴിഞ്ഞ 7ന് നാട്ടിൽ എത്തിയത്. ഒൻപതാം തീയതി ആയിരുന്നു മകളുടെ ജന്മദിനം. അത് കഴിഞ്ഞു 15നായിരുന്നു വേളാങ്കണ്ണി യാത്ര. അപകടത്തിൽ മരിച്ച ബന്ധുവായ സിഞ്ചു നൈനാന്റെ മൃതദേഹം അഞ്ചലിലെ പള്ളിയിൽകഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു. ഇന്നലെ രാവിലെ 11ന് ജിജുവിന്റെ മൃതദേഹം അടുതല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു. ജി. എസ്. ജയലാൽ അടക്കമുള്ള ജനപ്രതിനിധികളും സംസ്‍കാരിക സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.