ശാസ്താംകോട്ട: കോൺഗ്രസിന്റെ പ്രമുഖ നേതാവും സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയുമായ തെന്നല ജി.ബാലകൃഷ്ണപിള്ളയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കമായി. ജന്മഗ്രാമമായ കൊല്ലം ശൂരനാട് വടക്ക് തെന്നല ബംഗ്ലാവിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആഘോഷങ്ങൾക്ക് തിരികൊളുത്തി.
പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാണ് തെന്നലയെന്ന് മുല്ലപ്പള്ളി പറഞ്ഞു. കാലിയായ പോക്കറ്റുമായെത്തി സമ്പന്നരാകുന്ന രാഷ്ട്രീയക്കാർക്കിടയിൽ ഏറെ വ്യത്യസ്തനായിരുന്നു അദ്ദേഹം.കെ.പി.സി.സി പ്രസിഡന്റായിരിക്കെ നൂറിലധികം സീറ്റുകളിൽ വിജയിപ്പിച്ച് യു.ഡി.എഫിനെ കേരളത്തിന്റെ ഭരണം ഏല്പിച്ച കോൺഗ്രസിന്റെ പ്രകാശഗോപുരമാണ് തെന്നല. പദവികൾ പലതും അകലുമ്പോഴും പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കുവേണ്ടി നിലകൊണ്ട നേതാവാണ് തെന്നലയെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ചടങ്ങിൽ ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരൻ,ജനറൽ സെക്രട്ടറിമാരായ പി.രാജേന്ദ്രപ്രസാദ്,ജി.രതീകുമാർ, എക്സിക്യൂട്ടീവ് അംഗം എം.വി ശശികുമാരൻ നായർ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.കെ രവി, കാരുവള്ളിൽ ശശി തുടങ്ങിയവർ സംസാരിച്ചു.
മാർച്ച് 8 വൈകിട്ട് 4ന് ശൂരനാട് ഗവ എച്ച്.എസ്.എസ് അങ്കണത്തിൽ സമാപന സമ്മേളനവും ആദരവും നടക്കും.മുഖ്യന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.കെ ആന്റണി തെന്നലയെ ആദരിക്കും.ചലച്ചിത്ര താരം മമ്മൂട്ടി മുഖ്യാതിഥിയാകും.രമേശ് ചെന്നിത്തല,ഉമ്മൻ ചാണ്ടി,കാനം രാജേന്ദ്രൻ,പി.കെ കുഞ്ഞാലിക്കുട്ടി എം.പി,ഒ.രാജഗോപാൽ എംഎൽഎ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.ഉച്ചയ്ക്ക് രണ്ടായിരം പേർക്ക് നവതി സദ്യയും ഉണ്ടാകും.