കൊല്ലം: പുതിയ സാമ്പത്തിക വർഷത്തിൽ പത്ത് ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. തൃക്കോവിൽവട്ടം - നെടുമ്പന കുടിവെള്ള പദ്ധതി കണ്ണനല്ലൂർ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ ഏഴര ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുകയെന്നത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കേരള ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ പ്രകാശ് ഇടിക്കുള റിപ്പോർട്ട് അവതരിപ്പിച്ചു. തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജെ. സുലോചന, നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദ്ദീൻ, തൃക്കോവിൽവട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജാ കുമാരി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് മാത്യു, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കേരള ജല അതോറിറ്റി ദക്ഷിണമേഖല ചീഫ് എൻജിനീയർ ജി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
27 കോടി രൂപയുടെ പദ്ധതി
തൃക്കോവിൽവട്ടം പഞ്ചായത്ത് നെടുമ്പന പഞ്ചായത്തിലെ മൂന്ന് വാർഡുകൾ ഉൾപ്പടെ 50,000 ജനങ്ങൾക്കാണ് പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാകുന്നത്. 27 കോടി രൂപ ചെലവിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കിയത്.