കൊല്ലം: അശാസ്ത്രീയ മത്സ്യബന്ധനം വ്യാപകമായതോടെ മത്സ്യലഭ്യത കുത്തനെ ഇടിയുന്നു. സാധാരണക്കാർക്ക് താങ്ങാനാകാതെ മത്സ്യവിലയും കുതിച്ചുയരുകയാണ്.
ഡിസംബർ, ജനുവരി മാസങ്ങൾ തീരത്ത് പൊതുവേ വറുതിക്കാലമാണ്. എന്നാൽ, ഇത്തവണ ഫെബ്രുവരി അവസാനമായിട്ടും മത്സ്യലഭ്യത ഉയർന്നിട്ടില്ല. ഫെബ്രുവരി മാസത്തിൽ ബോട്ടുകൾക്ക് ചാളയും അയലയും കരിച്ചാളയും നെത്തോലിയും വള്ളങ്ങൾക്ക് കിളിമീനും മത്തിയും സുലഭമായി ലഭിക്കുന്നതാണ്. പക്ഷേ, ഇപ്പോൾ മത്തിയും നെത്തോലിയും മാത്രമാണ് കാര്യമായി ലഭിക്കുന്നത്. തുറമുഖങ്ങളിൽ ലേലത്തുക ഉയരുന്നതനുസരിച്ച് ചന്തകളിൽ നിന്നും മീൻ വാങ്ങുന്ന സാധാരണക്കാരന്റെ പോക്കറ്റ് കീറുകയാണ്.
ഭീകരൻ ഗുജറാത്ത് വല
1.ഉപരിതലത്തിലെയും അടിത്തട്ടിലെയും മത്സ്യത്തെ കൂട്ടത്തോടെ കോരിയെടുക്കുന്ന ഗുജറാത്ത് വലയാണ് പുതിയ വില്ലൻ.
2. സാധാരണ ട്രോളിംഗ് വലകൾക്ക് നൂറ് മീറ്റർ ആഴമേ ഉണ്ടാകുള്ളു. ഇത്തരം വലകൾ അടിത്തട്ടിൽ വിരിച്ചാൽ ഉപരിതലത്തിലെയും മധ്യഭാഗത്തെയും മത്സ്യങ്ങൾ കയറില്ല.
3. ഗുജറാത്ത് വലകൾക്ക് 300 മീറ്റർ വരെ ആഴമുണ്ട്. ഈ വലകൾ അടിത്തട്ട് മുതൽ ഉപരിതലം വരെയുള്ള മത്സ്യങ്ങളെ ഒറ്റയടിക്ക് കോരിയെടുക്കും. കൂടുതൽ വേഗതയുള്ള മോട്ടോറുകൾ ഉപയോഗിക്കുന്നതിനാൽ മത്സ്യക്കൂട്ടങ്ങൾക്ക് വലയിൽ നിന്നും രക്ഷപെടാനും സമയം കിട്ടില്ല.
4. സാധാരണ ട്രോളിംഗ് വലകളുടെ വായ് ഭാഗത്തിന് പത്ത് അടി വരയാണ് വീതി. എന്നാൽ ഗുജറാത്ത് വലകൾക്ക് 25 അടി വരെ വീതിയുള്ളതിനാൽ കൂടുതൽ വിസ്തൃതിയിൽ വിരിക്കാം.
മറ്റ് കാരണങ്ങൾ
വളത്തിനായുള്ള ചെറുമീൻ വേട്ട തുടരുന്നു
സമുദ്രാതിർത്തി ലംഘിച്ച് കൂറ്റൻ യാനങ്ങളുടെ കടന്നുകയറ്റം
കടലിലെ ജൈവഘടനയിലുണ്ടായ മാറ്റം
മത്സ്യത്തൊഴിലാളികൾ വടക്കോട്ട്
കൊല്ലത്തിന്റെ തീരമേഖലകളിൽ മത്സ്യത്തൊഴിലാളികൾ സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള ഹാർബറുകളിലേക്ക് പോവുകയാണ്. സാധാരണ ഡിസംബറിൽ പോയി ജനുവരിയിൽ മടങ്ങിയെത്താറാണ് പതിവ്. പക്ഷേ ഇത്തവണ ഇപ്പോഴും വടക്ക് തുടരുകയാണ്.
അശ്വാസമായി ശിവരാത്രി തലേന്ന്...
ഒരാഴ്ചയായി നീണ്ടകര ഹാർബറിൽ ഒരു കുട്ട ചൂടയും കരിച്ചാളപ്പൊടിയും 18000- 20000 വരെയാണ് ലേലത്തിൽ പോയിരുന്നത്. പതിവുപോലെ ശിവരാത്രി തലേനാളിൽ ബോട്ടുകൾക്കും വള്ളങ്ങൾക്കും കുറച്ചധികം മത്സ്യം ലഭിച്ചു. ഇതോടെ ലേലം 6000ത്തിലേക്ക് താഴ്ന്നു. പക്ഷെ, ഒരു കിലോ നെയ്മീൻ 800 രൂപയ്ക്ക് വരെയാണ് കച്ചവടക്കാർ വാങ്ങിയത്. എന്നാൽ കറിക്കാർക്ക് ഇതിലും കൂടുതൽ നൽകേണ്ടി വന്നു.
" മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മത്സ്യലഭ്യതയിൽ 30 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. ഉൾനാടൻ മത്സ്യസമ്പത്ത് ഉയർത്തിയേ വില നിയന്ത്രിക്കാനാകു.''
ഡോ. ലോറൻസ് ഹാരോൾഡ്
(മത്സ്യഫെഡ് എം.ഡി)