പുനലൂർ: കേരളത്തിലെ റബർ കർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വൻകിട റബർ ഉൽപ്പാദന കമ്പനി സ്ഥാപിക്കാനാണ് സംസ്ഥാന ലക്ഷ്യമിടുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി റബർ മേഖലയും കേരളത്തിലെ സമ്പദ്ഘടനയും എന്ന വിഷയത്തെ ആസ്പമാക്കി പുനലൂരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബർ ഉൽപ്പാദനം, സംഭരണം, സംസ്കരണം,മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം തുടങ്ങിയവയിലൂടെ മാത്രമേ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ. ഇത് കണക്കിലെടുത്ത് റബർ പാർക്കിന്റെ ഒന്നാംഘട്ട നിർമ്മാണോദ്ഘാടനം ഈ വർഷം ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കർഷക സംഘം പുനലൂർ ഏരിയാ പ്രസിഡന്റ് ജിജി കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ പ്രൊഫ. കെ.ജെ. ജോസ് വിഷയാവതരണം നടത്തി. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് മാത്യു, സി.പി.എം പുനലൂർ ഏരിയാ സെക്രട്ടറി എസ്. ബിജു, ജില്ലാ കമ്മിറ്റി അംഗം എം.എ. രാജഗോപാൽ, സി.പി.ഐ ജില്ലാ എക്സി. അംഗം കെ.സി. ജോസ്, കർഷക സംഘം പുനലൂർ ഏരിയ സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യൻ, ബെന്നി കക്കാട് തുടങ്ങിയവർ സംസാരിച്ചു.