theif-caught

കൊല്ലം: സുഹൃത്തിനെ വിളിക്കാനെന്ന വ്യാജേന വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ വാങ്ങി കടന്നുകളഞ്ഞ രണ്ടംഗ സംഘത്തിലെ ഒരാളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പെരിനാട് രാഹുൽ ഭവനിൽ ഗോപു (19) ആണ് പിടിയിലായത്.

ആറ്റിങ്ങൽ സ്വദേശി ജോബിഷ് ജോൺസണിന്റെ മൊബൈൽ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഈമാസം 17ന് രാത്രി 8.15 ഓടെ ചിന്നക്കട ഉഷ തിയേറ്ററിന് എതിർവശത്തെ പഴയ മുനിസിപ്പൽ കോംപ്ളക്സിന് മുന്നിലായിരുന്നു സംഭവം. ജോബിഷ് ജോൺസൺ ഓവർബ്രിഡ്ജിന് താഴെക്കൂടി നടന്നുവരികയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ ഗോപുവും സുഹൃത്തും ചേർന്ന് സുഹൃത്തിനെ വിളിക്കാനെന്ന പേരിൽ ജോബിഷിന്റെ പക്കൽ നിന്ന് ഫോൺ വാങ്ങിയ ശേഷം കടന്നുകളയുകയായിരുന്നു.

രക്ഷപെടാനുള്ള വെപ്രാളത്തിനിടയിൽ പ്രതികൾ വന്ന ബൈക്ക് സ്ഥലത്ത് ഉപേക്ഷിച്ചതിനൊപ്പം ഗോപുവിന്റെ ഫോണും നിലത്ത് വീണു. മൊബൈൽ ഫോണും ബൈക്കും കേന്ദ്രീകരിച്ച് ഈസ്റ്റ് ക്രൈം എസ്.ഐ ആർ. ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ജയിലിലായിരുന്ന ഗോപു കഴിഞ്ഞമാസം 27നാണ് പുറത്തിറങ്ങിയത്. ജോബിഷിന്റെ പക്കൽ നിന്ന് തട്ടിയെടുത്ത ഫോൺ ഗോപുവിന്റെ കൂട്ടുപ്രതിയുടെ കൈവശമാണ്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഗോപുവിനെ റിമാൻഡ് ചെയ്തു.