കൊല്ലം: കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂൾ എയ്‌റോ ക്ലബായ എസ്.ജി.സി.എസ് കോൺകോഡ്, ചെന്നൈ പ്രൊപ്പല്ലർ ടെക്നോളജീസുമായി സഹകരിച്ച് നടത്തിയ ദ്വിദിന വർക്ക്ഷോപ്പ് സമാപിച്ചു. വർക്ക്ഷോപ്പിന് സമാപനം കുറിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച 16 ഗ്ലൈഡറുകൾ പ്രദർശിപ്പിക്കുകയും പരീക്ഷണ പറക്കലുകൾ നടത്തുകയും ചെയ്തു. സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന പരിപാടി നേരിൽ കാണാൻ വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം ആയിരത്തിഅഞ്ഞൂറോളം പേർ എത്തിച്ചേർന്നു. സ്കൂൾ പതാകയും വഹിച്ചു കൊണ്ട് ഏറ്റവും വലിയ ഗ്ലൈഡർ പറന്നു ഉയർന്നപ്പോൾ കാണികൾ ഹർഷാരവത്തോടെയാണ് എതിരേറ്റത്. തുടർന്ന് ചെന്നൈ പ്രൊപ്പല്ലർ ടെക്‌നോളജീസ് നടത്തിയ എയർ ഷോയും നടന്നു.
സ്കൂൾ ചെയർമാൻ പി. സുന്ദരൻ, വൈസ് ചെയർമാൻ ലക്ഷ്മി സുന്ദരൻ, അഡ്മിനിസ്ട്രേറ്റർ ഡോ.പി.സി. സലിം, പ്രിൻസിപ്പൽ വി.എസ്. ശ്രീകുമാരി എന്നിവർ നേതൃത്വം നൽകി.