river
ചൂട് രൂക്ഷമായതോടെ ആര്യങ്കാവ് പഞ്ചായത്തിലെ നെടുംമ്പാറ തോട് വരണ്ട അവസ്ഥയിൽ

പുനലൂർ: വേനൽ വിശ്വരൂപം കാണിച്ചുതുടങ്ങിയതോടെ കിഴക്കൻ മലയോര മേഖലയിൽ കുടിവെള്ളം കിട്ടാക്കനി. പുനലൂർ നഗരസഭാ പ്രദേശങ്ങൾക്ക് പുറമെ തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്തുകളിലാണ് ദാഹജലത്തിനായി ജനം നെട്ടോട്ടമോടുന്നത്. നഗരസഭയിൽ കല്ലാർ, കോളേജ്, കോമളംകുന്ന്, കേളൻകാവ്, കല്ലുമല, പ്ലാച്ചേരി, തുമ്പോട് തുടങ്ങി വാർഡുകൾക്ക് പുറമേ ഉയർന്ന പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്.

കിണറുകളും കുളങ്ങളും നീർച്ചാലുകളുമെല്ലാം വറ്റിവരണ്ട് കഴിഞ്ഞു.

നഗരസഭയുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ ശുദ്ധജലം എത്തിക്കുന്നുണ്ടെങ്കിലും അത് ആവശ്യങ്ങൾക്ക് തികയുന്നില്ല. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ജലവിതരണം ഭാഗീകമാക്കിയതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. ഇത് പട്ടണത്തിലെ ഹോട്ടലുകൾ അടക്കമുള്ള മുളള വ്യാപാര സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ, നേതാജി, 40-ാംമൈൽ, തെന്മല റെയിൽവേ സ്റ്റേഷന് മുകൾഭാഗം, ഇടമൺ ക്ഷേത്രഗിരി, തണ്ണിവളവ് തുടങ്ങിയ സ്ഥലങ്ങളിലും ആര്യങ്കാവ് പഞ്ചായത്തിലെ കോട്ടവാസൽ, ഇടപ്പാളയം ലക്ഷം വീട് കോളനി, ഇരുളൻകാട്, നെടുംമ്പാറ, അമ്പനാട്, വെഞ്ച്വർ തുടങ്ങിയ മലയോര മേഖലകളിലുമാണ് സ്ഥിതി ഏറെ ഗുരുതരം.

തോട്ടം മേഖലയിലും പ്രതിസന്ധി

തെന്മല പരപ്പാർ അണക്കെട്ടിന്റെ പോഷക നദികളായ കഴുതുതുരുട്ടി, ശെന്തുരുണി, കുളത്തൂപ്പുഴ എന്നിവയെല്ലാം വരണ്ട് തുടങ്ങിയതാണ് ജലക്ഷാമത്തിനുള്ള പ്രധാന കാരണം. തെന്മല വാലി എസ്റ്റേറ്റ് മേഖലയിൽ ശുദ്ധജല വിതരണം ഇടവിട്ട് മുടങ്ങുന്നത് തോട്ടം തൊഴിലാളികളെയും വലയ്ക്കുന്നു.

നെടുംമ്പാറ തോട് വറ്റിയതോടെ ഇതിനെ ആശ്രയിച്ചു കഴിയുന്നവരും ആഴ്ചകളായി ബുദ്ധിമുട്ടുകയാണ്. കല്ലട ഇറിഗേഷൻെറ ഇടത്, വലത്കര കനാലുകൾ വഴി വേനൽക്കാല ജലവിതരണം ആരംഭിച്ചതാണ് അൽപമെങ്കിലും ആശ്വാസം.

സൂര്യാഘാത ഭീഷണിയും വർദ്ധിച്ചു

കഴിഞ്ഞ രണ്ടാഴ്ചയായി പുനലൂർ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ ചൂടാണ് അനുഭവപ്പെടുന്നത്. 37.38 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

തനത്ത ചൂടുകാരണം ഉച്ചയാകുന്നതോടെ പട്ടണം വിജനമാകുന്ന അവസ്ഥയാണ്. കഴിഞ്ഞവർഷം 50ലധികം ആളുകൾക്കാണ് പുനലൂരിൽ സൂര്യാഘാതമേറ്റത്. ഇത്തവണയും സമാനമായ സംഭവങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.