photo
നാശോന്മുഖമാകുന്ന പ്ലാച്ചേരി തോട്.

പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു

കരുനാഗപ്പള്ളി: മനുഷ്യ നിർമ്മിതമായ പ്ലാച്ചേരി തോടിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ കണ്ണങ്കരമുക്കിൽ നിന്നാരംഭിക്കുന്ന പ്ലാച്ചേരി തോട് കരുനാഗപ്പള്ളി നഗരസഭയിലെ ഒന്നാം വാർഡിലൂടെ ഒഴുകിയാണ് ടി.എസ് കനാലിൽ പതിക്കുന്നത്. തലമുറകളുടെ പഴക്കം വരുന്ന തോട് കൈയേറ്റത്തെ തുടർന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. തോടിന്റെ ഇരുവശങ്ങളിലെയും കരകൾ ഇടിഞ്ഞ് തോട്ടിൽ പതിക്കുകയാണ്. 2.5 കിലോമീറ്റർ ദൈർഘ്യം വരുന്ന തോടിന്റെ ഏതാനും ഭാഗങ്ങളിൽ മാത്രമാണ് സംരക്ഷണ ഭിത്തിയുള്ളത്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ നിലവിലുള്ള സംരക്ഷണ ഭിത്തിയും തകർച്ച നേരിടുകയാണ്.

കൃഷി നിലച്ചതോടെ തോട് നശിച്ചു

കാർഷിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് തോട് നിർമ്മിച്ചത്. കാൽ നൂറ്റാണ്ടിന് മുമ്പ് വരെ തോടിന്റെ ഇരുവശങ്ങളിലും നെൽ വയലുകളായിരുന്നു. കൃഷിയിടങ്ങളിലേക്ക് വിത്തും മറ്റ് കൃഷി സാധനങ്ങളും വള്ളത്തിലാണ് കൊണ്ട് പോയിരുന്നത്. കൊയ്ത്തിന് ശേഷം കറ്റകൾ വള്ളത്തിലാണ് തിരിച്ച് കൊണ്ടുവന്നിരുന്നതും. കൃഷി അന്യം നിന്നു തുടങ്ങിയതോടെയാണ് തോടിന്റെ പ്രാധാന്യം നഷ്ടപ്പെട്ടത്. തുടർന്ന് വ്യാപകമായ തരത്തിൽ കൈയേറ്റം ആരംഭിക്കുകയും ചെയ്തു.

2.5 കിലോമീറ്റർ ദൈർഘ്യം വരുന്ന തോടിന്റെ ഏതാനും ഭാഗങ്ങളിൽ മാത്രമാണ് സംരക്ഷണ ഭിത്തിയുള്ളത്.

ഇടവിള കൃഷിക്ക് തോട് വേണം

തുടർച്ചയായി വെട്ടുവള്ളങ്ങൾ പോയിരുന്ന തോട്ടിലൂടെ നിലവിൽ കൊതുമ്പ് വള്ളം പോലും പോകാറില്ല. നെൽക്കൃഷി നിലച്ചെങ്കിലും ഇടവിള കൃഷിക്ക് ആവശ്യമായ വെള്ളത്തിന് ഇപ്പോഴും നാട്ടുകാർ ആശ്രയിക്കുന്നത് പ്ലാച്ചേരി തോടിനെ തന്നെയാണ്. കുലശേഖരപുരത്തിന്റെയും കരുനാഗപ്പള്ളിയുടെയും പ്രധാന ജലസ്രോതസുകളിൽ ഒന്നാണ് പ്ലാച്ചേരിൽ തോട്.

നാട്ടുകാരുടെ ആവശ്യം

തോട് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇരുവശങ്ങളിലും കരിങ്കൽ കൊണ്ട് സംരക്ഷണഭിത്തി നിർമ്മിക്കണം.