snd
ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇടമൺ -34 ശാഖയിലെ മാടൻ കാവിലെ ഘോഷയാത്ര ആയിരനെല്ലൂരിൽ നിന്നും പുറപ്പെട്ടപ്പോൾ

പുനലൂർ: എസ്.എൻ.ഡി.പിയോഗം 3449-ാം നമ്പർ ഇടമൺ-34 ആർ. ശങ്കർ മെമ്മോറിയൽ ശാഖയിലെ മാടൻകാവിൽ ശിവരാത്രി മഹോത്സവത്തിന് സമാപനംകുറിച്ച് നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ഭക്തിസാന്ദ്രമായ ഘോഷയാത്ര നടന്നു. വൈകിട്ട് 4ന് ആയിരനെല്ലൂർ ശിവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് ആറ്റുകടവ്, ഈട്ടിമൂട്, ഇടമൺ -34 ഗുരുദേവ ക്ഷേത്രം, പുളിമുക്ക് പവർ ഹൗസ് ഒന്നാം ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ആനപെട്ടകോങ്കൽ, മൂന്ന് കണ്ണറ, 17-ാം ബ്ലോക്ക്, അണ്ടൂർപച്ച, ഉദയഗിരി കരകളിൽ നിന്നെത്തിയ നന്ദികേശ കെട്ടുകാഴ്ചകളുമായി ഒത്തുചേർന്നു.

തുടർന്ന് രണ്ടാം ഗേറ്റിൽ എത്തിയ ശേഷം ഇടമൺ-34 വഴി ഇടമൺ ശ്രീഷണ്മുഖ ക്ഷേത്ര സന്നിധിയിൽ എത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം മാടൻകാവിൽ സമാപിച്ചു. രാത്രി 8.30ന് പുഷ്പാഭിഷേകവും 8.40ന് അഖണ്ഡനാമ ജപ യജ്ഞവും തുടർന്ന് വിവിധ പൂജകളും നടന്നു. ശാഖാ പ്രസിഡന്റ് ആർ. രാജേഷ്, വൈസ് പ്രസിഡന്റ് എസ്. രാജൻ, സെക്രട്ടറി എസ്. സജി, ആഘോഷ കമ്മിറ്റി ചെയർമാൻ ആർ. സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.