കൊല്ലം:ശിവരാത്രിയും ചന്ദ്രപ്പൊങ്കലും ഒത്തുചേർന്ന പുണ്യരാവിൽ വലിയ കൂനമ്പായിക്കുളത്തമ്മയ്ക്ക് ജനസഹ്രസങ്ങളുടെ ഭക്തിസാന്ദ്രമായ പൊങ്കാലയർപ്പണം. രണ്ട് ലക്ഷത്തോളം ഭക്തരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പൊങ്കാല അർപ്പിക്കാൻ വ്രതം നോറ്റെത്തിയത്. വൈകിട്ടോടെ ക്ഷേത്രവും പരിസരവും യാഗശാലയുടെ പ്രതീതിയിലായി. അടുപ്പുകൾ 10 കിലോമീറ്ററോളം ചുറ്റളവിലായി നിരന്നിരുന്നു. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻ നായരാണ് ചന്ദ്രപ്പൊങ്കലിന് ഭദ്രദീപം തെളിച്ചത്. ദേവീസ്തുതികളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലും മേൽശാന്തി ബി. സജീവ് ശാന്തിയും പാണ്ടാര അടുപ്പിലേക്ക് ദീപം പകർന്നു. തുടർന്നു പൊങ്കാല അടുപ്പുകളിലേക്ക് ദീപം പകർന്നതോടെ ക്ഷേത്രവും പരിസരവും യജ്ഞശാലയായി. ഈ വർഷവും നീലാകാശത്ത് ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് വട്ടമിട്ട് പറന്നു. വ്രതം നോറ്റെത്തിയ ഭക്തജനങ്ങൾ ദേവീ പ്രീതിയ്ക്കായി പൊങ്കാലയർപ്പണം തുടങ്ങി. കൂനമ്പായിക്കുളത്തമ്മയെ ഹൃദയംനൊന്ത് വിളിച്ച്, ശരണമന്ത്രങ്ങൾ ഉരുവിട്ട സ്ത്രീസഞ്ചയം ചന്ദ്രപ്പൊങ്കാലയുടെ മഹത്വത്തിന് ആവേശം പകർന്നു. മൺകലങ്ങളിൽ തിളച്ച് പൊങ്കാല തൂവിയതോടെ 250 ഓളം ഗാന്തിമാർ തീർത്ഥം തളിച്ച് ചന്ദ്രപ്പൊങ്കലിന് സമാപ്തി കുറിച്ചു. ദീപാരാധന വണങ്ങിയ ശേഷമാണ് ഭക്തർ മടങ്ങിയത്.
പൊങ്കാലയിടാൻ എത്തിയവർക്കെല്ലാം അന്നദാനം, ലഘുഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്തു. കൊല്ലം കോർപ്പറേഷൻ, ആരോഗ്യ വകുപ്പ്, പൊലീസ്, അഗ്നിശമന സേന, കെ.എസ്.ആർ.ടി.സി, കുടുംബശ്രീ, ആംബുലൻസ് എന്നിവയ്‌ക്കൊപ്പം ജാതി മതഭേദമന്യേ ജനസമൂഹവും ചന്ദ്രപ്പൊങ്കലിന്റെ വിജയകരമായ നടത്തിപ്പിന് ക്ഷേത്ര ഭരണ സമിതിയുമായി കൈകോർത്തു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന കുംഭഭരണി മഹോത്സവം ഈ മാസം 29ന് സമാപിക്കും.
ചന്ദ്രപ്പൊങ്കാലിന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ, സെക്രട്ടറി എ. അനീഷ്‌കുമാർ, വൈസ് പ്രസിഡന്റ് സുജി കൂനമ്പായിക്കുളം, ജോയിന്റ് സെക്രട്ടറി എസ് . സുജിത്ത്, ട്രഷറർ എസ്. സുരേഷ്ബാബു എന്നിവർ നേതൃത്വം നൽകി