കൊല്ലം: സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്ത്രീകളുടെ ഇടപെടൽ ശക്തമാക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അഭിപ്രായപ്പെട്ടു. സംസ്ഥാന വനിതാ കമ്മിഷനും ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൗരത്വ വിഷയത്തിൽ അതിശക്തമായ സമരമാണ് ഷഹീൻ ബാഗിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്നത്. പ്രാദേശികമായ വിഷയങ്ങളിലും കുടുംബ പ്രശ്നങ്ങളിലും ഇതുപോലെ ഇടപെടാനും പരിഹാരം കാണാനും കേരളത്തിലെ സ്ത്രീകൾക്കും കഴിയും.
സ്ത്രീ പദവിയും വെല്ലുവിളികളും എന്ന വിഷയത്തിൽ വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ, സ്ത്രീ സുരക്ഷാ നിയമങ്ങളെപ്പറ്റി കമ്മിഷനംഗം അഡ്വ എം. എസ്.താര, സൈബർ നിയമങ്ങളെക്കുറിച്ച് എസ്.വി വിബു എന്നിവർ ക്ലാസെടുത്തു.
മേയർ ഹണി ബഞ്ചമിൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യാതിഥിയായി. കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ, ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എ. ജി സന്തോഷ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ വി. ആർ അജു തുടങ്ങിയവർ സംസാരിച്ചു.